തിരുവനന്തപുരം കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ സ്ഥാനാർഥി പട്ടിക. മുൻ ഡി.ജി.പി ആർ. ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും. കോൺഗ്രസ് വിട്ടു വന്ന പത്മിനി തോമസ് പാളയത്താണ് മത്സരിക്കുക. വി വി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും തമ്പാനൂരിൽ സതീഷും മത്സരിക്കും. ആദ്യ കൗൺസിലർമാരിൽ ഒരാളായ പി. അശോക് കുമാർ പേട്ടയിലും, കരുമം – ആശാനാഥ്,
അമ്പലത്തറയിൽ സിമി ജ്യോതിഷ്, തിരുമല വാര്‍ഡിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എംആര്‍ ഗോപൻ എന്നിവരും പേരുര്‍ക്കടയിൽ ടിഎസ് അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവുമായിരിക്കും ബിജെപി സ്ഥാനാർഥികൾ. ആദ്യഘട്ട പട്ടികയിൽ 67 വാർഡുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്.
നമുക്ക് വേണം വികസിത അനന്തപുരി… മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് ഇത്തവണ ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനെ നേരിടാനെത്തുന്നത്.
അതേസമയം, ശബരീനാഥ് മത്സരിക്കുന്ന കവടിയാറിൽ ബിജെപി സ്ഥാനാർഥി ആരെന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കവടിയാറിൽ വി വി രാജേഷിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു വാർഡ് കമ്മിറ്റിയുടെ ആവശ്യം. എന്നാൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഏതെങ്കിലും വാർഡുകൾ പരിഗണിക്കണമെന്ന് വി വി രാജേഷ് നിർദേശം മുന്നോട്ടുവെക്കുകയായിരുന്നു. കവടിയാറിന് അമിത പ്രാധാന്യം നൽകേണ്ടെന്ന സിപിഐഎം ലൈനിൻ്റെ ചുവടു പിടിച്ചു നിൽക്കുകയാണ് നിലവിൽ ബിജെപിയും. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അട്ടിമറി ജയം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുള്ളത്.





