മമ്മൂട്ടി ഇടപെട്ടത് നാമനിർദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തൻ്റെ പരാതിയുമായി ബന്ധപ്പെട്ടാണ്. ആൻ്റോ ജോസഫിനു വേണ്ടി മറ്റാരോ പറഞ്ഞതു പ്രകാരമാണ് മമ്മൂട്ടി വിളിച്ചതെന്നും സാന്ദ്ര വ്യക്തമാക്കി.
തൻ്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോധ്യപ്പെട്ടു. അതോടെ എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. മമ്മൂട്ടിയുടെ ഇടപെടലിൽ തനിക്ക് ഒരു പരാതിയും ഇല്ല. തൻ്റെ സിനിമയിൽ നിന്ന് മമ്മൂട്ടി പിൻമാറിയത് അദ്ദേഹത്തിൻ്റെ ചോയ്സാണ്.
മമ്മൂട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ലിസ്റ്റിൻ ശ്രമിക്കരുതെന്നും സാന്ദ്ര പറഞ്ഞു. പർദ ധരിച്ചു വന്നത് പ്രതിഷേധം എന്ന നിലയിലാണ്. എന്നും പർദ ധരിച്ചു വരണമെന്നത് ലിസ്റ്റിന്റെ വിവരമില്ലായ്മ. ലിസ്റ്റിൻ മറുപടി അർഹിക്കാത്തയാളാണ്. ഞാൻ പറയുന്ന ഏതെങ്കിലും കാര്യങ്ങൾ കള്ളമെന്ന് തെളിയിച്ചാൽ ഞാൻ ഇൻഡസ്ട്രി വിട്ടു പോകാൻ തയാറാണ്. മറിച്ചാണെങ്കിൽ ഇൻഡസ്ട്രി വിട്ടു പോകാൻ ലിസ്റ്റിൻ തയാറാണോ എന്നും സാന്ദ്ര ചോദിച്ചു.