മലപ്പുറം ജില്ലാ പഞ്ചായത്ത് മുസ്ലിം ലീഗ് അംഗം ടി പി ഹാരിസിന്റെ നിക്ഷേപ തട്ടിപ്പ് കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി. അലവിക്കാണ് അന്വേഷണം ചുമതല. ടി പി ഹാരിസ് വിവിധ പദ്ധതികളില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തു എന്നാണ് കേസ്.
യുഡിഎഫ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിലെ നിക്ഷേപ തട്ടിപ്പ് രാഷ്ട്രീയ വിവാദമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉടന്‍ അന്വേഷണം ഏറ്റെടുക്കും. മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗമായ ടി പി ഹാരിസ് നിലവില്‍ റിമാന്‍ഡില്‍ ആണ്. രാമപുരം സ്വദേശിയില്‍ നിന്ന് വിവിധ പദ്ധതികളില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് മൂന്നരക്കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്.
എന്നാല്‍, കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടിട്ടുണ്ട്. കേസില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു രണ്ടാം പ്രതിയാണ്. ജില്ലാ പഞ്ചായത്തിലെ തട്ടിപ്പില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്ന് സിപിഐഎം ആരോപിച്ചിരുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിക്കുന്നത്. നിരവധി പേരില്‍ നിന്നായി 25 കോടിയോളം രൂപ നിക്ഷേപവുമായി സ്വീകരിച്ച തട്ടിപ്പ് നടത്തി എന്നുള്ളതാണ് കേസിന് ആധാരം. ഇരയായവരില്‍ കൂടുതല്‍ പേരും മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്.