കണ്ണൂരിൽ ദളിത് യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു; ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് എക്സൈസ്

കണ്ണൂര്‍: കണ്ണൂരിൽ എസ് സി പ്രൊമോട്ടറെ എക്സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു. കണ്ണൂര്‍ ചാവശ്ശേരി സ്വദേശി സെബിനാണ് മർദ്ദനമേറ്റത്. ലഹരി വസ്തു കൈവശം വച്ചു എന്നാരോപിച്ചാണ് മർദ്ദനം. ഓഗസ്റ്റ് മൂന്നിനാണ് സംഭവം നടന്നത്. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ സെബിൻ ചികിത്സയിലാണ്. ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് മട്ടന്നൂർ എക്സൈസിന്‍റെ വിശദീകരണം.

സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി സെബിന്‍റെ കുടുംബം രംഗത്തെത്തി. മർദ്ദിച്ച എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മട്ടന്നൂർ പൊലീസ് നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് സെബിന്‍റെ അച്ഛൻ സെബാസ്റ്റ്യന്‍ ആരോപിച്ചു. കേസ് ഒതുക്കി തീർക്കാൻ മട്ടന്നൂർ പൊലീസ് ശ്രമിക്കുന്നതായും ആരോപണം. എക്സൈസ് ഉദ്യോഗസ്ഥരുടെ പരാതിയിൽ മട്ടന്നൂർ പൊലീസ് സെബിനെതിരെയും കേസെടുത്തിട്ടുണ്ട്.