കൊച്ചി ∙ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ തുടരുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സർവകലാശാലാ അധികൃതർക്കം സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി നടന് പ്രകാശ് രാജ്. വിദ്യാർഥികളുടെ ന്യായമായ പരാതികൾ പരിഹരിക്കുന്നതിന് പകരം സർവകലാശാലാ അധികൃതർക്ക് അനുകൂലമായി നിലപാടെടുക്കുകയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സർക്കാരുമെന്ന് അദ്ദേഹം വിമർശിച്ചു. സിജെപി നേതാവ് അഭിജിത് ദീപ്കെയ്ക്കൊപ്പം ഇന്നു കൊച്ചിയിൽ നടക്കുന്ന ‘ജന്തർമന്തര്‍ @ കൊച്ചി’ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രകാശ് രാജ്. വിദ്യാർഥികൾ നിരാഹാര സമരം നടത്തുന്ന സർവകലാശാലയ്ക്കു മുന്നിലെ സമരപ്പന്തൽ അദ്ദേഹം സന്ദർശിച്ചു.
ജനപ്രതിനിധി കൂടിയായ വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ ഇടപെട്ട് പ്രശ്നപരിഹാരത്തിന് മുൻകയ്യെടുക്കണമെന്നും വിദ്യാർഥികൾക്കൊപ്പം നിൽക്കേണ്ട മന്ത്രി എന്തിനാണ് സർവകലാശാലാ അധികൃതരെ പിന്തുണയ്ക്കുന്നതെന്നും പ്രകാശ് രാജ് ചോദിച്ചു. വിദ്യാർഥികളോട് മാപ്പപേക്ഷയും സമാധാന ബോണ്ടും എഴുതി വാങ്ങാനുള്ള സർവകലാശാല നിർദേശത്തെയും പ്രകാശ് രാജ് കടുത്ത ഭാഷയിൽ വിമർശിച്ചു. സ്വന്തം അവകാശങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടിയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചതെന്നും പ്രതിഷേധിച്ചതിന് മാപ്പു പറയാൻ അവർ സവർക്കർമാരല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ ചോദ്യം ചെയ്യലുകളെയും പ്രതിഷേധങ്ങളെയും ഭയക്കുന്ന രീതി ഏകാധിപത്യ മനോഭാവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർവകലാശാലയിലെ നാടകാവതരണവുമായി ബന്ധപ്പെട്ട തർക്കങ്ങളും വൈസ് ചാൻസലർക്കെതിരെയുണ്ടായ പ്രതിഷേധങ്ങളുമാണ് വിദ്യാർഥികളുടെ സസ്പെൻഷനിലും പരീക്ഷാ വിലക്കിലും കലാശിച്ചത്. സസ്പെൻഡ് ചെയ്ത 16 വിദ്യാർഥികളിൽ 12 പേരെ മാപ്പപേക്ഷ എഴുതി നൽകിയാൽ തിരികെ പ്രവേശിപ്പിക്കാമെന്ന് സർവകലാശാല സിൻഡിക്കറ്റ് പ്രസ്താവിച്ചിരുന്നു. എന്നാൽ തെറ്റു ചെയ്യാത്തതിനാൽ മാപ്പ് പറയില്ല എന്നു വ്യക്തമാക്കി വിദ്യാർഥികൾ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർവകലാശാലയും വൈസ് ചാൻസിലറും ഡിവിഷൻ ബെഞ്ചില്‍ പോവുകയും അനുകൂല വിധി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ആവശ്യം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിനോട് നിർദേശിച്ചിരിക്കുകയാണ് സുപ്രീം കോടതി. ഇത് തിങ്കളാഴ്ച പരിഗണിച്ചേക്കും.
ജനാധിപത്യം സംരക്ഷിക്കാനും വോട്ടവകാശം നിലനിർത്താനും രാജ്യത്താകെ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കൊച്ചിയിൽ ഇന്ന് ‘ജന്തർമന്തര്‍ @ കൊച്ചി’ എന്ന കൂട്ടായ്മ നടത്തുന്നത്. ഉച്ച കഴിഞ്ഞ് 3 മണിക്ക് മറൈൻഡ്രൈവിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേക്കാണ് മാർച്ച്. അഭിജിത് ദീപ്കെ, പ്രകാശ് രാജ് തുടങ്ങിയവർക്കു പുറമെ എഐഎസ്എഫ് പ്രസിഡന്റ് വി. രാജ് ദേവാംഗ്, എസ്എഫ്ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ശിൽപ സുരേന്ദ്രൻ, ഐസ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി, എൻഎസ്യു ജനറൽ സെക്രട്ടറി ജെയിൻ ജെയ്സൺ, എംഎസ്എഫ് അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സജു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകും









