Headlines

‘വിമാനത്തിൽ ബോംബുണ്ട്’! ബോർഡിങ് ഗേറ്റിൽ നിന്ന് അലറിവിളിച്ച് ചെക്ക് പൗരൻ; ആംസ്റ്റർഡാമിൽ പരിഭ്രാന്തി

ആംസ്റ്റർഡാം∙ ഷിപ്പോൾ വിമാനത്താവളത്തിൽ നിന്ന് പ്രാഗിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ 45 കാരൻ അറസ്റ്റിൽ. ചെക്ക് റിപ്പബ്ലിക് പൗരനായ ഇയാളെ നെതർലാൻഡ്സ് സൈനിക പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

പ്രാഗിലേക്കുള്ള ടിക്കറ്റുമായി ബോർഡിങ് ഗേറ്റിന് സമീപം നിന്ന ഇയാൾ, വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് നടത്തിയ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് വിമാനം വൈകി പുറപ്പെട്ടത്.

അതിനിടയിൽ, പ്രാഗിൽനിന്ന് ആംസ്റ്റർഡാമിലേക്ക് വന്ന കെഎൽഎം വിമാനത്തിന് നേരെയും ഇന്നലെ സമാനമായ രീതിയിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഷിപ്പോളിൽ സുരക്ഷിതമായി ഇറങ്ങിയ ഈ വിമാനത്തിലും പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല.

യൂറോപ്പിൽ അടുത്തിടെയായി സമാനമായ ഒട്ടേറെ വ്യാജ ഭീഷണികൾ ഉണ്ടായിട്ടുണ്ടെങ്കിലും, പരിശോധനകളിൽ ഒരിടത്തുപോലും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടില്ല. വ്യോമഗതാഗതം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ വ്യാജ ഭീഷണികൾക്കു പിന്നിലെ ലക്ഷ്യമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.