Headlines

റഷ്യയോട് യുദ്ധം ചെയ്ത് മുടിഞ്ഞു: അശ്ലീലചിത്ര നിർമാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ; നികുതി കൊണ്ട് വാങ്ങാം 30,000 ഡ്രോൺ

 

കീവ്∙ റഷ്യയുമായുള്ള യുദ്ധത്തിനു പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ (പോണോഗ്രഫി) നിർമാണവും വിതരണവും നിയമവിധേയമാക്കാൻ യുക്രെയ്ൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. അഡൾട്ട് എന്റർടെയ്ൻമെന്റ് വ്യവസായത്തെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കിയാൽ നികുതി വരുമാനത്തിൽ 250 കോടി ഡോളർ അധികം നേടാൻ കഴിയുമെന്ന് യുക്രെയ്ൻ പാർലമെന്റംഗം യാരോസ്‌ലാവ് ഷെലെസ്നിയാക്ക് കൊണ്ടുവന്ന ബില്ലിൽ പറയുന്നതായി ദ് വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഈ പണം കൊണ്ട് 30,000 സൈനിക ഡ്രോണുകൾ വാങ്ങി അതു യുദ്ധത്തിന് ഉപയോഗിക്കാമെന്നും യുക്രെയ്ൻ പാർലമെന്റിന്റെ ധനക്കമ്മിറ്റി അധ്യക്ഷൻ കൂടിയായ ഷെലെസ്നിയാക് പറയുന്നു. നിലവിൽ അശ്ലീല ഉള്ളടക്കങ്ങൾ നിർമിക്കുന്നതും വിതരണം ചെയ്യുന്നതും യുക്രെയ്നിൽ ശിക്ഷാർഹമായ കുറ്റമാണ്. പിടിക്കപ്പെട്ടാൽ 7 വർഷം വരെ തടവുശിക്ഷ ലഭിക്കും. എന്നാൽ പൊലീസിലെ അഴിമതിക്കാരുടെ ഒത്താശയോടെ യുക്രെയ്നിൽ അശ്ലീല ചിത്ര നിർമാണം വലിയ രീതിയിൽ വികസിച്ചിട്ടുണ്ട്.

അഡൾട്ട് കോണ്ടന്റ് ക്രിയേറ്റർമാരിൽനിന്നു നികുതി പിരിക്കാനുള്ള നീക്കം അടുത്തിടെ യുക്രെയ്ൻ തുടങ്ങിയിരുന്നു. എന്നാൽ, അശ്ലീല ഉള്ളടക്ക വിരുദ്ധ നിയമങ്ങൾക്കു കീഴിൽ കുറ്റകരമായ പ്രവൃത്തികൾ പുറത്തുവരുമെന്നതിനാൽ പലരും വരുമാനം വെളിപ്പെടുത്താൻ തയാറായിരുന്നില്ല. ‘‘ഈ സ്ത്രീകൾ നികുതി നൽകുകയോ നിലവിലുള്ള ക്രിമിനൽ നിയമപ്രകാരം നടപടികൾ നേരിടുകയോ ചെയ്യുന്നില്ല. ഇത് ഒരേസമയം സങ്കടകരവും വിചിത്രവുമായ സാഹചര്യമാണ്’’ – ഷെലെസ്നിയാക് പറഞ്ഞു.

അശ്ലീല ഉള്ളടക്ക നിർമാണം മറച്ചുവയ്ക്കാൻ മൂന്ന് മേഖലകളിലെ ഉദ്യോഗസ്ഥർ 20,000 ഡോളറിനടുത്ത് കൈക്കൂലി വാങ്ങിയതായി യുക്രെയ്ൻ ജനറൽ പ്രോസിക്യൂട്ടറുടെ ഓഫിസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാനുള്ള പ്ലാറ്റ്ഫോമായ ഒൺലിഫാൻസിൽനിന്ന് 2023 ൽ 7900 യുക്രെയ്ൻകാർക്ക് 1,310 കോടി ഡോളർ വരുമാനം ലഭിച്ചിരുന്നെന്നും വോൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്