വയനാട് മുള്ളന്‍കൊല്ലി പെരിക്കല്ലൂരിലെ തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത ആരോപണവുമായി സിപിഐഎം. തങ്കച്ചനെ കേസില്‍പ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കര്‍ണാടക നിര്‍മ്മിത പാക്കറ്റ് ചാരായവും സ്‌ഫോടക വസ്തുക്കളും കാര്‍ പോര്‍ച്ചില്‍ കൊണ്ട് വെച്ച് കോണ്‍ഗ്രസ് നേതാക്കളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരം തീര്‍ക്കാന്‍ നീചമായ പ്രവര്‍ത്തിയാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ അടങ്ങിയ സംഘം ചെയ്തതെന്നാണ് സിപിഐഎമ്മിന്റെ വിമര്‍ശനം.
ഡിസിസി പ്രസിഡന്റിന്റെ വലം കയ്യായി മുള്ളന്‍കൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ് ഇപ്പോള്‍ അറസ്റ്റില്‍ ആയ പ്രസാദിന് ക്വട്ടേഷന്‍ കൊടുത്ത് സ്‌ഫോടക വസ്തുക്കളും കര്‍ണാടക നിര്‍മ്മിത മദ്യവും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തങ്കച്ചന്റെ വീട്ടില്‍ കൊണ്ട് വെപ്പിച്ചതെന്ന് സിപിഐഎം ആരോപിക്കുന്നു. തോട്ടയും ഡിട്ടനേറ്ററുകളും നല്‍കിയത് കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്നും ഇതെവിടെ നിന്ന് കിട്ടിയെന്ന് പോലീസ് കര്‍ശനമായി പരിശോധിക്കണമെന്നുമാണ് സിപിഐഎം പറയുന്നത്. പതിനേഴു ദിവസമാണ് നിരപരാധിയായ തങ്കച്ചന്‍ ജയിലില്‍ കിടന്നത്. കേസില്‍ പൊലീസ് അധികാരികള്‍ക്ക് വന്ന വീഴ്ചയും പരിശോധിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്നും ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചനടക്കം തന്നെ കുടുക്കിയതുമായി ബന്ധമുണ്ടെന്നും തങ്കച്ചന്‍ ആരോപിച്ചരിന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്. തങ്കച്ചന്റെ വീട്ടില്‍ നിന്ന് കര്‍ണാടക മദ്യവും തോട്ടകളും കണ്ടെത്തിയ സാഹചര്യത്തില്‍ ആയിരുന്നു അറസ്റ്റ്. ഇതുകൊണ്ടുവച്ച മരക്കടവ് സ്വദേശി പ്രസാദ് പിടിയിലായതോടെയാണ് തങ്കച്ചന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്.