വാഷിങ്ടണ്‍: ഇറാനെതിരെ യുദ്ധം പുനരാരംഭിക്കാന്‍ അമേരിക്കന്‍ സൈന്യം ഒരുങ്ങുന്നുവെന്ന് ദ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. യുഎസ്എസ് റൂസ്വെല്‍റ്റ് വിമാനവാഹിനിക്കപ്പലും നാല് പടക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. (US military preparing to resume war against Iran New York Times reports)
ഖഷാം ദ്വീപിനു മുകളിലൂടെ പറന്ന യുഎസ് ചാര ഡ്രോണുകള്‍ തകര്‍ത്തതായി ഐആര്‍ജിസി അറിയിച്ചു. എംക്യുഎം-170 രഹസ്യാന്വേഷണ ഡ്രോണുകളാണ് വെടിവച്ചിട്ടത്. അമേരിക്ക തങ്ങളുടെ ഏഴ് ആവശ്യങ്ങള്‍ അംഗീകരിക്കുന്ന പക്ഷം ചര്‍ച്ച ചെയ്യുന്നതിനായി ഇറാന് ഖത്തര്‍ വഴി ഒരു ആണവ നിര്‍ദ്ദേശം അയച്ചതായി ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. നിര്‍ദേശം അമേരിക്ക പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥന് അറിയിച്ചു. അതിനിടെ ഇറാനും റഷ്യയും പ്രകൃതി വാതകം കൊണ്ടുപോകുന്നതിനായി പൈപ്പ്ലൈനുകള് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായി വിവരമുണ്ട്. ഇറാന് ദേശീയ സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ മോസ്കോയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.
യുഎസ് ആക്രമണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ അനധികൃത ജലപാത വഴി കടന്നുപോകാന്‍ ശ്രമിച്ച അഞ്ച് എണ്ണ ടാങ്കറുകളും ഒരു ടഗ് ബോട്ടും തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. അതേസമയം മദീനയ്ക്കു നേരെ ഹൂതികള്‍ തൊടുത്ത മിസൈല്‍ തടുത്തതായി യെമന്‍ ഔദ്യോഗിക സര്‍ക്കാര്‍ അറിയിച്ചു.









