താമരശേരിയിലെ ഫ്രഷ്കട്ടിനെ സംരക്ഷിക്കാൻ സർക്കാരിൻ്റെയും പൊലീസിൻ്റെ ശ്രമമെന്ന് യൂത്ത് ലീഗ്. പൊലീസാണ് അക്രമം നടത്തിയതെന്നും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കി പ്രവർത്തകരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറ്റിനിർത്താനാണ് ശ്രമമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
ഫ്രഷ് കട്ട് തുറന്നാൽ കോഴിമാലിന്യമുമായി കോഴിക്കോട്ടെ മന്ത്രിമാരുടെ വീട്ടിലേക്ക് മാർച്ച് നടത്തും. ജില്ലാ ശുചിത്വ മിഷനും തഹസിൽദാറും എല്ലാം തയ്യാറാക്കിയ റിപ്പോർട്ടുകളിലും ഈ സ്ഥാപനം നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നും പറയുന്നതായി ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ നിയമങ്ങളും പാലിച്ചും എല്ലാ ആക്ഷേപങ്ങളും പരിഹരിച്ചുമാണ് ഫ്രഷ് കട്ട് സ്ഥാപനം മുന്നോട്ടുപോകുന്നത് എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്.
എന്നാൽ നാല് പഞ്ചായത്തുകളിലെ സെക്രട്ടറിമാർ തയ്യാറാക്കിയ റിപ്പോർട്ടുകളിൽ ഈ അറവുമാലിന്യ കേന്ദ്രത്തിൽ നിന്നുള്ള രൂക്ഷമായ ഗന്ധം അവിടെയുള്ള ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും സ്ഥാപനത്തോട് ചേർന്ന് നിൽക്കുന്ന ഇരുതുള്ളി പുഴയിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നുണ്ടെന്നും ഫ്രീസർ ഇല്ലാത്ത വാഹനങ്ങളിൽ സ്ഥാപനത്തിലെ മാലിന്യങ്ങൾ കൊണ്ടുപോവുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.
സമരവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമങ്ങളെ ഒരു നിലക്കും അംഗീകരിക്കാം കഴിയില്ല എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ കണ്ണൂർ ഡിഐജി യതീഷ് ചന്ദ്രയും വടകര എസ്പി ബെജുവും നേരിട്ടെത്തി ആക്രമണങ്ങൾക്ക് നേത്രത്വം കൊടുക്കുകയാണ് എന്നുള്ളത് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.’ ഫിറോസ് കൂട്ടിച്ചേർത്തു.





