കുമ്പള സ്കൂളിൽ നിർത്തിവെച്ച പലസ്തീൻ അനുകൂല മൈം വീണ്ടും അരങ്ങിൽ

കാസർഗോഡ് കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർത്തിവെച്ച
മൈം വീണ്ടും അരങ്ങിൽ. പലസ്തീൻ മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ സദസിൽ എത്തി.

കഴിഞ്ഞ ദിവസം പലസ്തീൻ അനുകൂല മൈം അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവയ്ക്കുകയിരുന്നു. കലോത്സവത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾ മൈം ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അധ്യാപകർ കർട്ടൻ താഴ്ത്തി. തുടർന്ന് കലോത്സവത്തിന്റെ ഭാഗമായ എല്ലാ പരിപാടികളും നിർത്തിവച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സ്കൂളിന് പുറത്ത് മൈം അവതരിപ്പിച്ചിരുന്നു.

ഇതിനിടെ കുമ്പള ഹയർസെക്കന്ററി സ്കൂളിലെ കലോത്സവത്തിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുട്ടികൾ അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് മന്ത്രി വി.ശിവൻകുട്ടി ഉത്തരവിട്ടിരുന്നു. മൈം തടയുകയും കലോത്സവം നിർത്തിവയ്ക്കുകയും ചെയ്ത സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയത്.