ഡൽഹി: സൗത്ത് വെസ്റ്റ് ഡൽഹിയിലെ സത്യനികേതന് സമീപം വിദ്യാർഥികൾ താമസിച്ചിരുന്ന നാലുനില കെട്ടിടം തകർന്നുവീണ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി രേഖ ഗുപ്ത. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി തൊട്ടടുത്തുള്ള കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചെന്നും എല്ലാ പൗരന്മാരുടെയും സുരക്ഷ പ്രധാനമാണെന്നും രേഖ ഗുപ്ത പ്രതികരിച്ചു.
കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ദുരന്തനിവാരണ അതോറിറ്റി (DDMA), NDRF, ഡൽഹി ഫയർ സർവീസ്, പൊലീസ്, MCD, CATS ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നിവരുടെ നേത്യത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
ആനന്ദ് ബൻസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് തകർന്നുവീണ ഈ ബോയ്സ് ഹോസ്റ്റൽ കെട്ടിടം. കെട്ടിടത്തിൽ കൃത്യമായ ഇടവേളകളിൽ മെയിൻ്റനൻസ് നടന്നിരുന്നില്ല എന്ന് അധികൃതർ വ്യക്തമാക്കി. കനത്ത മഴയിൽ കെട്ടിടത്തിൽ കേടുപാടുകൾ ഉണ്ടായിരുന്നു. ഏകദേശം 20 ലധികൾ വിദ്യാർഥികൾ താമസിച്ചിരുന്ന ഈ കെട്ടിടത്തിന് 40 വർഷത്തോളം പഴക്കമുണ്ട്.
അതേസമയം, ഇതുവരെ 6 പേരെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചത്. ഇന്ന് ഉച്ചയോടെയാണ് കെട്ടിടം തകർന്നുവീണത്. രക്ഷാപ്രവർത്തനം വൈകിയെന്നും ആരോപണങ്ങളുണ്ട്.








