തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആഗോള അയ്യപ്പ സംഗമത്തിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പി എസ് പ്രശാന്ത് വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി ക്ഷണിച്ചു. പിന്നാലെ സംഗമത്തിന് പൂര്‍ണ്ണ പിന്തുണ വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിച്ചു. തിരിഞ്ഞുനിന്നു കുത്തുന്നവര്‍ സ്വയം അനുഭവിക്കേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കഴിഞ്ഞ കുറേ കൊല്ലങ്ങളായി ശബരിമലയില്‍ വല്ല പ്രശ്‌നങ്ങളുമുണ്ടോ. അത് ദേവസ്വം ബോര്‍ഡിന്റെ മാത്രം കഴിവാണോ. ഗവണ്‍മെന്റ് സഹകരിക്കുകയും പിന്തുണ കൊടുക്കുകയും ചെയ്തത് കൊണ്ടല്ലേ ഇത് നടന്നത് – അദ്ദേഹം ചോദിച്ചു.
ശബരിമല വിവാദഭൂമിയാക്കരുത്. ആഗോള അയ്യപ്പ സംഗമത്തോട് എല്ലാവരും സഹകരിക്കുക. പിന്തുണയ്ക്കുക. മത വര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും കാണാനും ഭജിക്കാനും പ്രാര്‍ത്ഥിക്കാനും സാധിക്കുന്ന ഇന്ത്യയിലെ ഒരുപക്ഷേ ഏക ക്ഷേത്രം ശബരിമലയാകും. അതിന് കക്ഷിരാഷ്ട്രീയം പറഞ്ഞും പിണറായിയെ പറഞ്ഞും സ്ത്രീപ്രശ്‌നം പറഞ്ഞും സമയം കളയേണ്ടതല്ല. ആഗോള അയ്യപ്പ സംഗമത്തോട് സഹകരിച്ച് സമ്പുഷ്ടമാക്കാന്‍ ശ്രമിക്കേണ്ടതാണ് എല്ലാ ഭക്തന്മാരുടെയും രാഷ്ട്രീയക്കാരുടെയും ചുമതല. അതില്‍ തിരിഞ്ഞ് നിന്ന് കുത്താന്‍ ശ്രമിക്കുന്നവര്‍ സ്വയം അനുഭവിക്കേണ്ടി വരുമെന്നതല്ലാതെ മറ്റൊന്നുമല്ല. ഈ സംരംഭത്തിന് ഒരു കുറവും വരാതെ ഭക്തജനങ്ങള്‍ രണ്ടുകയ്യും നീട്ടി ഇപ്പൊഴേ സ്വീകരിച്ച് കഴിഞ്ഞു – അദ്ദേഹം പറഞ്ഞു.
ബിജെപി നടത്തുന്ന ബദല്‍ അയ്യപ്പ സംഗമം ശരിയല്ല. ബിജെപി കാടടച്ചു വെടി വയ്ക്കുന്നു. പഴയ കാര്യങ്ങള്‍ മറക്കരുത്. സ്ത്രീപ്രവേശന പ്രശ്‌നം നടന്നതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 99 സീറ്റ് നേടി. ശബരിമല ആചാര സംരക്ഷണത്തിന് ഇറങ്ങിയവര്‍ക്കെതിരായ കേസ് പിന്‍വലിക്കണം – അദ്ദേഹം പറഞ്ഞു.