ന്യൂഡൽഹി∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇരുരാജ്യങ്ങളുടെയും പുരോഗതിക്കായി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇരു നേതാക്കളും അറിയിച്ചു. പ്രതിരോധം, കൃഷി, സാങ്കേതികവിദ്യ, സൈബർ സുരക്ഷ, വ്യാപാരം തുടങ്ങി നിരവധി മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരിക്കുന്നത്. പശ്ചിമേഷ്യൻ സംഭവവികാസങ്ങൾ തുടരുന്നതിനിടെയാണ് ഇരുനേതാക്കളുടെയും സംഭാഷണം. ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പിഎംഒ പുറത്തുവിട്ടിട്ടില്ല. ഏറ്റവും ഒടുവിലായി ഇക്കഴിഞ്ഞ മാർച്ചിലാണ് ഇരു നേതാക്കളും ടെലിഫോണിൽ സംസാരിച്ചത്.








