Headlines

നെതന്യാഹുവുമായി സംസാരിച്ച് നരേന്ദ്രമോദി; ഗസ്സ സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള ഇന്ത്യയുടെ പിന്തുണ അറിയിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ചയായി. ഗസ്സ സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോദി വീണ്ടും അറിയിച്ചു. ഇരു രാജ്യങ്ങൾക്കിടയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.

പരസ്പര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഉറപ്പിച്ചു. ഭീകരതയെ ശക്തമായി അപലപിച്ച ഇരു നേതാക്കളും ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് ആവർത്തിച്ചു. പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിൽ അക്രമാസക്തമായ തീവ്രവാദവും അസ്ഥിരതയും സംബന്ധിച്ച ആഗോള ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് തീവ്രവാദ വിരുദ്ധ സഹകരണത്തിന് ഊന്നൽ നൽകുന്നത്. ​ഗസ്സയിൽ നീതിയും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും തുടർന്നും ബന്ധം നിലനിർത്താൻ ഇരു നേതാക്കളും സമ്മതിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ അന്തരീക്ഷത്തിൽ ഇന്ത്യ-ഇസ്രയേൽ പങ്കാളിത്തത്തിന്റെ തന്ത്രപരമായ പ്രാധാന്യം വീണ്ടും ഉറപ്പിച്ചു. സഹകരണം കൂടുതൽ വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിക്കുകയും ചെയ്തു.