2019-ൽ കൈമാറിയത് സ്വർണം പൂശിയ ചെമ്പുപാളിയാകാമെന്ന് അക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ പത്മകുമാർ. അതിൽ വ്യക്തത വരുത്തേണ്ടത് ഉദ്യോഗസ്ഥരാണ്. ഹൈക്കോടതി നിരീക്ഷണത്തിലും നിയന്ത്രണത്തിലുമുള്ള അന്വേഷണം വേണം. ശബരിമലയുമായി ബന്ധപ്പെട്ട് മോശമായ ഒന്നും താൻ ചെയ്തിട്ടില്ലെന്നും, ഒരു തരി പൊന്നും പോയിട്ടില്ലെന്നും എ പത്മകുമാർ പറഞ്ഞു.
നിരവധി പ്രശ്നങ്ങളുണ്ടായ കാലഘട്ടത്തിലാണ് പ്രസിഡണ്ട് ആയിരുന്നതെന്ന് എ പത്മകുമാർ പറയുന്നു. സ്വർണപാളി വിവാദത്തിൽ ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെെയന്നും ചോദ്യം ചെയ്യേണ്ടവരെ എല്ലാം തന്നെ ചോദ്യം ചെയ്യട്ടെയെന്നും എ പത്മകുമാർ പറഞ്ഞു. ശബരിമല സംബന്ധിച്ച് ഉയർന്നു വന്ന മുഴുവൻ കാര്യത്തിലും അന്വേഷണം വേണമെന്ന് അദേഹം ആവശ്യപ്പെട്ടു.
മഹസർ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കണം. താൻ ചുമതലക്കാരനായിരിക്കവേ ശബരിമലയിൽ നിന്നും ഒരുതരി പൊന്നു പോലും പോയിട്ടില്ല പോകാൻ അനുവദിച്ചിട്ടില്ല. ശബരിമല മാത്രമല്ല മറ്റു പല സ്ഥലങ്ങളിലെയും വിവരങ്ങൾ വരാനുണ്ട് എന്ന് പത്മകുമാർ കൂട്ടിച്ചേർത്തു. അതേസമയം സ്വർണപ്പാളിയിലെ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകൾ പുറത്ത്. ചട്ടങ്ങൾ അട്ടിമറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളി കൈമാറിയതെന്ന് മഹസറിൽ നിന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2019 ജൂലൈ 20ന് നടന്ന കൈമാറ്റത്തിൽ തിരുവാഭരണം കമ്മീഷണർ പങ്കെടുത്തില്ല. ഉദ്യോഗസ്ഥർ അനുഗമിക്കാതെ സ്വർണപാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിട്ടുവെന്നുമാണ് മഹസറിലെ വിവരങ്ങളാണ് പുറത്ത് വന്നത്.