ഉത്തരകാശി ഇരട്ട മേഘവിസ്‌ഫോടനം: കാണാതായവരില്‍ സൈനികരും ഉള്‍പ്പെട്ടതായി വിവരം

ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ ഇരട്ട മേഘവിസ്‌ഫോടനത്തില്‍ കാണാതായവരില്‍ സൈനികരും ഉള്‍പ്പെട്ടതായി വിവരം. ഹര്‍സില്‍ ആര്‍മി ബേസ് ക്യാമ്പിനെ മിന്നല്‍ പ്രളയം ബാധിച്ചതായി വിവരം. രണ്ടാമതായി ഉണ്ടായ മേഘവിസ്‌ഫോടനമാണ് ആര്‍മി ക്യാമ്പിനെ ബാധിച്ചത്. വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

നിലവില്‍ 20 പേരെ രക്ഷപെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനവും സ്ഥിതിഗതികളും യോഗം വിലയിരുത്തി.

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച മേഘവിസ്‌ഫോടനത്തില്‍ ഖിര്‍ ഗംഗ നദിയിലുണ്ടായ മിന്നല്‍ പ്രളയം ഒരു ഗ്രാമത്തെ തന്നെ തുടച്ചു നീക്കി. നിമിഷ നേരം കൊണ്ട് വീടുകളും കെട്ടിടങ്ങളും ഇരച്ചെത്തിയ നദിയെടുത്തു.

നിരവധി വിനോദസഞ്ചാരികള്‍ അടക്കം ഈ മേഖലയില്‍ ഉണ്ടായിരുന്നതാണ് വിവരം. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സൈന്യവും NDRF, SDRF, ITBP, പ്രാദേശിക ദുരന്തനിവാരണ സേനകളും രക്ഷാദൗത്യത്തിന്റെ ഭാഗമായുണ്ട്.

വ്യോമ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിനായുള്ള നടപടികളും ആരംഭിച്ചതായാണ് വിവരം.നദിയില്‍ നിന്നും സുരക്ഷിത അകലത്തേക്ക് മാറണമെന്ന് ജനങ്ങള്‍ക്ക് പ്രാദേശിക ഭരണകൂടം നിര്‍ദ്ദേശം നല്‍കി. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സാഹചര്യങ്ങള്‍ വിലയിരുത്തി. വരും മണിക്കൂറുകളിലെ രക്ഷാപ്രവര്‍ത്തന ദൗത്യം നിര്‍ണായകമാണ്. ധരാലി ഗ്രാമത്തിനടുത്ത് സുഖി മേഖലയിലും രണ്ടാമത്തെ മേഘ വിസ്‌ഫോടനമുണ്ടായതായി ഉത്തരാകാശി ഭരണകൂടം അറിയിച്ചു.