Headlines

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മാനേജ്‌മെന്റുമായി തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് ചര്‍ച്ച നടത്തും

 

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് മന്ത്രി ചര്‍ച്ചയ്ക്ക്. വെള്ളിയാഴ്ച മന്ത്രി ബിന്ദു കൃഷ്ണ എറണാകുളത്തെത്തി കമ്പനി അധികൃതരുമായി നേരിട്ട് ചര്‍ച്ച നടത്തും. ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥ തല ചര്‍ച്ച. തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ കമ്പനി ചര്‍ച്ച നടത്തും. കേന്ദ്രത്തിന്റെ ഇടപെടല്‍ വേണമെങ്കില്‍ അതിനും നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്ന് തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് എന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

 

 

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് സ്ഥാപനമായ കോറോ ഹെല്‍ത്ത് കോഴിക്കോട് കൊച്ചി ബ്രാഞ്ചുകളിലെ 900 ജീവനക്കാരാണ് പെരുവഴിയിലായത്. ലേബര്‍ കോഡിന്റെ ചുവടുപിടിച്ചാണ് രണ്ടരമാസത്തെ ശമ്പളം നല്‍കി നോട്ടീസ് പോലുമില്ലാത്ത പിരിച്ചുവിടല്‍. സാമ്പത്തിക പ്രശ്‌നം പറയുന്ന കമ്പനി ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളില്‍ റിക്രൂട്ട്‌മെന്റ് തകൃതിയായി നടത്തുന്നുണ്ടെന്നും, കേരളത്തിലെ പിരിച്ചുവിടല്‍ ചൂണ്ടിക്കാണിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മുന്‍ ജീവനക്കാരന്‍ ജസീല്‍ അബൂബക്കര്‍.പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച സിഐടിയു, തോഴില്‍ സുരക്ഷയെ അട്ടിമറിച്ചുള്ള നീക്കത്തെ ചുറുക്കുമെന്നും, പിരിച്ചുവിടല്‍ അംഗീകരിക്കില്ലെന്നും അറിയിച്ചു. കോറോ ഹെല്‍ത്ത് ഒരു സൂചനയാണെന്ന് എ എ റഹീം എംപി പ്രതികരിച്ചു.

 

കൂട്ടപിരിച്ചുവിടല്‍ അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും, സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പറഞ്ഞു. തിങ്കളാഴ്ച ലേബര്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍, പ്രശ്‌നം ഉടലെടുത്ത വെള്ളിയാഴ്ച രാത്രിയോടെ പണം ജീവനക്കാരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് മുഴുവന്‍ നീക്കങ്ങളില്‍ നിന്നും പിന്‍വലിഞ്ഞു. നിലവിലെ ലേബര്‍ കോഡ് അനുസരിച്ച് 300 ജീവനക്കാരിലേറെയുള്ള സ്ഥാപനത്തില്‍ നോട്ടീസ് നല്‍കിയുള്ള നടപടികളെ പാടുള്ളു എന്നുണ്ടെങ്കിലും നിയമവഴിയേക്കാള്‍ സമവായത്തിലൂടെ പരിഹാരം കാണാന്‍ മാത്രമേ സര്‍ക്കാരിനും സാധിക്കു.