എറണാകുളം മലയിടം തുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമവായത്തിലേക്ക് എന്ന് സൂചന. കുടിയൊഴിപ്പികപ്പെടുന്ന കുടുംബങ്ങൾക്ക് തർക്കഭൂമിയുടെ തന്നെ ഏതെങ്കിലും ഒരു ഭാഗത്ത് അഞ്ച് സെന്റ് സ്ഥലം നൽകണം എന്ന നിർദേശം സർക്കാർ ശങ്കരൻ നായരുടെ കുടുംബത്തിന് മുന്നിൽ വച്ചു. ഇക്കാര്യത്തിൽ കൂടിയാലോചനക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് കുടുംബം വ്യക്തമാക്കിയതായി മന്ത്രി റോജി എം. ജോൺ അറിയിച്ചു. പുറത്ത് സമവായം ഉണ്ടായാൽ അത് കോടതിയെ അറിയിക്കുമെന്നും കോടതി നിർദേശം ഉറപ്പായും അംഗീകരിക്കുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു. സർക്കാർ നിർദേശത്തെ പോസിറ്റിവ് ആയി കാണുന്നതായി സമര സമിതി നേതാക്കളും പ്രതികരിച്ചു. തിങ്കളാഴ്ച വീണ്ടും യോഗം ചേർന്നാണ് നിലവിലെ തീരുമാനം.
കുടുംബങ്ങളെ പെരുവഴിയിലാക്കില്ല എന്ന് സർക്കാർ നൽകിയ ഉറപ്പാണ്. നിലവിൽ താമസിക്കുന്ന ഇടം തന്നെ വേണം എന്നാണ് സമരസമിതിയുടെ തീരുമാനം. സമീപത്ത് മറ്റൊരു ഇടം നൽകാം എന്ന് ശങ്കരൻ നായർ കുടുംബം പറഞ്ഞു. തർക്കഭൂമിയിൽ 5 സെന്റ് സ്ഥലം വീതം ലഭ്യമാക്കണം എന്നാണ് സർക്കാർ ആവശ്യം.വീട് സർക്കാർ നിർമിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു.








