പാകിസ്താൻ ബംഗ്ലാദേശിനൊപ്പം ഉറച്ചുനിൽക്കുന്നു; ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വ്യക്തമായ നിലപാടാണ് ഇക്കാര്യത്തിൽ കൈക്കൊണ്ടത്. ക്രിക്കറ്റും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കരുത്.ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കില്ലെന്ന കാര്യത്തില്‍ ഞങ്ങള്‍ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. കായികരംഗത്ത് രാഷ്ട്രീയം കലര്‍ത്തരുത് എന്നതാണ് തങ്ങളുടെ നയം. വളരെ ശ്രദ്ധാപൂര്‍വ്വം ആലോചിച്ചെടുത്ത ഉചിതമായ തീരുമാനമാണിത്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ തീരുമാനം തെറ്റ്. പാകിസ്താൻ ബംഗ്ലാദേശിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.

ഇസ്ലാമാബാദില്‍ ഫെഡറല്‍ കാബിനറ്റിനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ രാജ്യത്തിന്റെ വ്യക്തമായ നിലപാട് വ്യക്തമാക്കിയത്. ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം നിശ്ചയിച്ചിരുന്നത്. പാകിസ്ഥാന്‍ കളിക്കാതിരുന്നാല്‍ മത്സരത്തിലൂടെ ഇന്ത്യക്ക് രണ്ട് പോയിന്റ് ലഭിക്കും.