വാഷിംഗ്ടണ്‍: ഇറാനെതിരെ വലിയ ആക്രമണങ്ങളൊന്നും നടക്കുന്നില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ മാത്രമാണ് അമേരിക്ക നടത്തുന്നതെന്നാണ് വാന്‍സ് വിശദീകരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകളെ ആക്രമിക്കുന്നത് ഇറാന്‍ അവസാനിപ്പിക്കുന്നതുവരെ ഇറാനുമായി ചര്‍ച്ച നടത്താന്‍ അമേരിക്ക പദ്ധതിയിടുന്നില്ലെന്നും വാന്‍സ് പറഞ്ഞു. പശ്ചിമേഷ്യന്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ചൈന ഇറാനേക്കാളും മറ്റു പല രാഷ്ട്രങ്ങളേക്കാളും ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നതെന്ന് വാന്‍സ് വ്യക്തമാക്കി. (JD Vance says Iran fight isn’t a war)
ഇറാനുമായി നടക്കുന്ന പ്രശ്‌നങ്ങളെ ഒരിക്കലും ഒരു യുദ്ധമെന്ന് വിളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജെ ഡി വാന്‍സ് പറഞ്ഞു. ഇറാനെതിരെ ഇപ്പോഴും യുദ്ധമടക്കമുള്ള എല്ലാ കാര്യങ്ങളും പരിഗണനയിലുണ്ട്. ഇപ്പോള്‍ ഒരു വെടിവയ്‌പ്പോ മിസൈല്‍ ആക്രമണമോ ഇറാനെതിരെ നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ പുതിയ ആക്രമണങ്ങള്‍ നടത്തിയതിന് തൊട്ടുപിന്നാലെയാണ് മാധ്യമങ്ങളോട് ജെ ഡി വാന്‍സിന്റെ പ്രതികരണം.എന്നാല്‍ അമേരിക്കയ്‌ക്കെതിരെ കടുത്ത വെല്ലുവിളികള്‍ തുടരുകയാണ് ഇറാന്‍. അമേരിക്ക ഇറാന്റെ കണക്കുകൂട്ടലുകള്‍ മാറ്റിയെന്നും അമേരിക്കയ്ക്ക് പ്രതീക്ഷിക്കാത്ത മട്ടിലുള്ള തിരിച്ചടി നല്‍കുമെന്നും ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റേസ ആരിഫ് പറഞ്ഞു. അമേരിക്കന്‍ ഉപരോധത്തെ മറികടക്കാന്‍ ഇറാന്റെ എണ്ണ വ്യവസായത്തിനാകുന്നുണ്ടെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി മൊഹ്സെന്‍ പക്നെജാദ് പ്രതികരിച്ചു. അതേസമയം ഇറാന്റെ നേതൃത്വത്തെ അട്ടിമറിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.









