Headlines

എടായിപ്പാലത്തെ വൻ മണ്ണിടിച്ചിൽ; വിശദ പരിശോധന ഇന്ന്

 

മലപ്പുറം പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഇന്ന് വിശദമായ പരിശോധനകൾ നടക്കും. മണ്ണ് ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കുന്ന് സുരക്ഷിതമാണോ എന്നും പരിശോധിക്കും. ഇടയ്ക്കിടെ മണ്ണ് ഇടിയുന്നതിനാൽ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ ആളുകളെ പാണക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. തുടർച്ചയായി മഴ പെയ്യാതിരുന്നാൽ മാത്രമേ മണ്ണ് നീക്കം സാധ്യമാകു എന്നാണ് ജില്ല ഭരണകൂടം അറിയിക്കുന്നത്.

 

 

റോഡിലെ മണ്ണ് ഉടൻ നീക്കം ചെയ്യുമെന്ന് മലപ്പുറം നഗരസഭാ ചെയർപേഴ്സൺ റിനിഷ റഫീഖ് ട്വന്റിഫോറിനോട് പറഞ്ഞു. വാഹനങ്ങൾ കടത്തി വിടുന്നതിൽ ജില്ലാ കളക്ടറും എഡിഎമ്മും അടക്കമുള്ളവർ അന്തിമതീരുമാനം കൈക്കൊള്ളമെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു. ഇന്നലെ രാവിലെ എട്ടോടെയാണ് പാണക്കാട് റോഡിലേക്ക് സമീപത്തെ കുന്ന് ഇടിഞ്ഞു വീണത്. മണ്ണ് നീക്കാനുള്ള പ്രവർത്തി നടക്കുന്നതിനിടെ കുന്ന് വീണ്ടും ഇടിയുകയായിരുന്നു.ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നിടത്താണ് മണ്ണിടിയുന്നത്. മലപ്പുറം ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മണ്ണ് ഇടിഞ്ഞത്. മണ്ണെടുക്കാനും പാറപൊട്ടിക്കാനും മുൻസിപ്പാലിറ്റിയും ജിയോളജി വകുപ്പും നൽകിയ കാലാവധി അവസാനിച്ചതായി മലപ്പുറം നഗരസഭ അദ്ധ്യക്ഷ റിനിഷ റഫീഖ് അറിയിച്ചിരുന്നു. അതിനിടെ മലപ്പുറം പാണക്കാടെ ഇങ്കൽ സിറ്റിയുടെ ആവശ്യത്തിനായി സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് കുന്നിടിക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതായി പരാതി. ശാസ്ത്രീയ പഠനം നടത്തിയതിനു ശേഷം മാത്രം പ്രവൃത്തി തുടരണം എന്നാണ് ആവശ്യം.