തിരുവനന്തപുരം: കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഭാവി നശിക്കരുതെന്നും അവര്‍ തെറ്റ് ഉള്‍ക്കൊണ്ട് തിരിച്ചുകയറണമെന്നുമാണ് ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍. ആ വിദ്യാര്‍ഥികളെ കാലാകാലം പുറത്തുനിര്‍ത്തണം എന്നതല്ല സര്‍ക്കാരും സര്‍വകലാശാലയും ആഗ്രഹിക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചു എന്നത് യാഥാര്‍ഥ്യവുമാണ്. കാലടി സര്‍വകലാശാല തന്റെ മണ്ഡലത്തിലുള്ള സ്ഥാപനമാണെന്നും അവിടെ നടക്കുന്ന പല കാര്യങ്ങളും ഉള്ക്കൊള്ളാനാകുന്നതല്ലെന്നും പലതും പുറത്തുവരുന്നില്ലെന്നും റോജി എം ജോണ്‍ പറഞ്ഞു. (minister roji m john on kalady university sfi issue)
വിദ്യാര്‍ഥി രാഷ്ട്രീയത്തിനും പ്രതിഷേധങ്ങള്‍ക്കും സര്‍ക്കാര്‍ ഒരിക്കലും എതിരല്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതാകരുത് വിദ്യാര്‍ഥി രാഷ്ട്രീയം. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ സൗകര്യങ്ങളുമുണ്ടെന്നുള്ള അവകാശവാദമൊന്നും പറയാനില്ല. നമ്മുടെ എല്ലാ ക്യാമ്പസുകളിലും പല പരിമിതികളും പോരായ്മകളും ഒക്കെയുണ്ട്. അതൊക്കെ ഒന്നൊന്നായി പരിഹരിക്കാന്‍ തന്നെയാണ് നമ്മളൊക്കെ താല്പര്യപ്പെടുന്നത്. പക്ഷേ പുതിയ സിന്‍ഡിക്കേറ്റ് വന്നതിന്റെ ആദ്യത്തെ യോഗത്തില്‍ തന്നെ അവിടെ അക്രമം അഴിച്ചു വിടുന്നത് പോലുള്ള കാര്യങ്ങള്‍ എങ്ങനെ അംഗീകരിക്കുമെന്നും മന്ത്രി ചോദിച്ചു.
ജനാധിപത്യ രീതിയില്‍ നടത്തപ്പെടുന്ന ക്രിയാത്മകമായ സമരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ചില ക്യാമ്പസുകള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ പാര്‍ട്ടി ക്യാമ്പസുകളാക്കി ചിലര്‍ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. മറ്റാര്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കില്ലെന്നും സര്‍വകലാശാലയുടെ നിയമങ്ങള്‍ അനുസരിക്കില്ലെന്നും വാശിപിടിക്കുന്നവരുണ്ട്. ഇതില്‍ ബാധിക്കപ്പെടുന്നത് മറ്റ് വിദ്യാര്‍ഥികളാണ്. അതൊരിക്കലും അംഗീകരിച്ചുനല്‍കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.







