ദുബായ്: ഫ്‌ളൈ ദുബായ് വിമാനത്തില്‍ ക്യാപ്റ്റര്‍ സ്മിത്ത് മച്ചാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ നീക്കമെന്ന് സ്ഥിരീകരിച്ച് യുഎഇ. ക്രാഷ് ആക്‌സ് ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ചു. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമം നടത്തി. സംഭവം അന്വേഷിക്കുന്ന യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് ആല്‍ ശംസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതേസമയം, ഒമാന്‍ സ്വദേശിയായ ഹമാം അല്‍ ഹമാമിയാണെന്നാണ് അന്വേഷണ കേന്ദ്രങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞത്. യുഎഇയില്‍ ജനിച്ച ഇയാളുടെ പിതാവ് ഒമാന്‍ സ്വദേശിയും മാതാവ് സിറിയന്‍ സ്വദേശിയുമാണ്. യുഎഇയില്‍ വര്‍ഷങ്ങളോളം ജീവിച്ചിട്ടുള്ള ഹമാം അല്‍-ഹമാമി യുകെയിലെ ബക്കിംഗ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഏവിയേഷന്‍ മാനേജ്‌മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്. ഒമാന്‍ എയറില്‍ ഏഴ് വര്‍ഷത്തോളം ജോലി ചെയ്ത ഇയാളെ, ഇസ്ലാമിസ്റ്റ് തീവ്രവാദ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് പൈലറ്റ് പരിശീലനത്തില്‍ നിന്ന് മാറ്റുകയും മറ്റ് ചുമതലകള്‍ നല്‍കുകയും ചെയ്തിരുന്നു. 2025 ഫെബ്രുവരിയിലാണ് ഇയാള്‍ ഒമാന്‍ എയര്‍ വിട്ടത്. തുടര്‍ന്ന് റോയല്‍ എയര്‍ മാറോക്കില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷം, എട്ട് മാസം മുമ്പാണ് ഫ്‌ളൈ ദുബായില്‍ ചേര്‍ന്നത്.
ആക്രമണം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം പ്രതിയുടെ ലിങ്ക്ഡ്ഇന്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ രണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട,് ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായാണ് വിവരം. ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു ആദ്യ വിഡിയോ പോസ്റ്റ്. ഇതില്‍ ഇസ്രായേലി എയര്‍ലൈനുകളായ ‘എല്‍ അല്‍’ , ‘അര്‍കിയ’ എന്നിവയുടെ വിമാനങ്ങള്‍ കാണിക്കുന്നുണ്ട്. അല്‍ ഖ്വയ്ദ മുന്‍ തലവന്‍ അയ്മന്‍ അല്‍ സവാഹിരി, 2009-ല്‍ സി.ഐ.എ ഉദ്യോഗസ്ഥരെ വധിച്ച ഹുമാം ഖലീല്‍ അബു-മുലാല്‍ അല്‍-ബലാവിയ എന്നിവരുടെ ചിത്രങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. രണ്ടാമത്തെ പോസ്റ്റില്‍ മക്ക, മദീന, ജറുസലേം എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന എ ഐ ചിത്രവും മരണത്തെ ഭയപ്പെടുന്നില്ലെന്ന വരികളുള്ള പശ്ചാത്തല കവിതയുമായിരുന്നു. കൂടാതെ, ഇയാളുടെ പഴയ എക്‌സ് സമൂഹമാധ്യമഅക്കൗണ്ട് വിശകലനം ചെയ്തതില്‍ നിന്ന് തീവ്ര മതചിന്താഗതിക്കാരനും സ്ത്രീവിരുദ്ധ നിലപാടുകളുള്ളയാളുമായിരുന്നു ഇയാളെന്ന് വ്യക്തമായിട്ടുണ്ട്.
ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാനിലെ ഒരു പൗരന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ പൈലറ്റാകാന്‍ എങ്ങനെ അനുമതി ലഭിച്ചു എന്നതില്‍ അവ്യക്തതയുണ്ട്. വിമാനം യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തതായതിനാല്‍, സംഭവം ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണോ എന്നും പരിശോധിക്കാന്‍ യുഎഇ അറ്റോര്‍ണി ജനറല്‍ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. സൗദി അറേബ്യയില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഷിന്‍ ബെറ്റ്, മൊസാദ് തുടങ്ങിയ ഇസ്രായേലി സുരക്ഷാ ഏജന്‍സികളും ഈ അന്വേഷണത്തില്‍ പങ്കാളികളാകുന്നുണ്ട്.







