Headlines

നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി; വിദേശയാത്രക്ക് അനുമതി നിഷേധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. വിദേശയാത്രക്ക് അനുമതി നിഷേധിച്ച എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല. മജിസ്ട്രേറ്റ് കോടതി നൽകിയ ഉത്തരവിൽ ഹൈക്കോടതി ഇടപെടാത്തതിനെ തുടർന്നാണിത്. സൗബിൻ അടക്കമുള്ള നിർമാതാക്കളുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അവാർഡ് ഷോയിൽ പങ്കെടുക്കാനാണ് സൗബിൻ അടക്കമുള്ളവർ കോടതിയുടെ അനുമതി തേടിയത്. ഈ മാസം ആറാം തീയതി മുതൽ എട്ടാം തീയതി വരെ ദുബായിലാണ് സൗബിൻ പങ്കെടുക്കുന്ന അവാർഡ് ഷോ നടക്കുന്നത്.

നേരത്തെ സൗബിന് വിദേശയാത്രാനുമതി നിഷേധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി ഹർജി തള്ളിയിരുന്നു. സൗബിൻ ദുബായിലെത്തിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കും എന്നായിരുന്നു പരാതിക്കാരന്റെ വാദം. പരാതിക്കാരന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭവീതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് മരട് പൊലീസ് സൗബിനെ പ്രതി ചേർത്ത് കേസെടുത്തത്.