ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ അമ്മ രംഗത്ത്.
തന്റെ മകളെ ജോലിക്ക് അയച്ചത് കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണെന്നും, ഇത് കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാനായി എടുത്ത തീരുമാനമാണെന്നും പെൺകുട്ടിയുടെ അമ്മ ബുദിയ പ്രധാൻ ട്വന്റിഫോറിനോട് വ്യക്തമാക്കി. തങ്ങൾക്ക് അഞ്ച് പെൺമക്കളാണുള്ളതെന്നും വീട് പണിയാനായി എടുത്ത അഞ്ച് ലക്ഷം രൂപയുടെ കടം വീട്ടുന്നതിന് വേണ്ടിയാണ് മകളെ പാചക ജോലിക്ക് അയച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
കന്യാസ്ത്രീകളുമായി തങ്ങൾക്ക് വർഷങ്ങളായുള്ള അടുപ്പമുണ്ടെന്ന് ബുദിയ പ്രധാൻ പറയുന്നു. നാരായൺപൂരിലെ സഭയുടെ ആശുപത്രിയിൽ വെച്ചാണ് ഇവരെ പരിചയപ്പെടുന്നത്. അഞ്ച് വർഷം മുൻപ് താനും കുടുംബവും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു. പ്രശ്നങ്ങളുണ്ടായ സമയത്തും സഭ എല്ലാ പിന്തുണയും നൽകി കൂടെയുണ്ടായിരുന്നെന്നും അവർ വെളിപ്പെടുത്തി.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ വകുപ്പുകൾ ചുമത്തിയാണ്. മാതാപിതാക്കളുടെ സമ്മതമില്ലെന്ന് വരുത്തിത്തീർത്താണ് പോലീസ് മനുഷ്യക്കടത്ത് കുറ്റം ചുമത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഒൻപത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ബിലാസ്പൂർ എൻഐഎ കോടതി ഇന്നലെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യം, പാസ്‌പോർട്ട് സറണ്ടർ ചെയ്യുക, രാജ്യം വിട്ടുപോകാതിരിക്കുക എന്നീ മൂന്ന് ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.