Headlines

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലുള്ളത് കർണാടകയിലെ വനമേഖലയിൽ; നിർമാണത്തിലിരുക്കുന്ന റിസോർട്ടില്‍ കഴിയുന്നതായി സൂചന

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലുള്ളത് കർണാടകയിലെ അനെകലിലെന്ന് സൂചന. നിർമാണത്തിലിരുക്കുന്ന റിസോർട്ടില്‍ ഒളിവില്‍ കഴിയുന്നതായി സൂചന. റിസോർട്ട് വനമേഖലയോട് ചേർന്നാണ് ഉള്ളത്. ബംഗളൂരുവില്‍ നിന്ന് അനെകലിലേക്ക് 36 കിലോമീറ്റർ ദൂരമുണ്ട്. രാഹുല്‍ ഒളിവില്‍ കഴിയുന്നത് ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് 15 കിലോമീറ്റർ അകലെയാണ്. തമിഴ്നാട് അതിർത്തിയിലുള്ള ബാഗലൂരില്‍ നിന്നും ബംഗളൂരുവിലെ അനെകലിലേക്ക് മുങ്ങിയെന്നാണ് വിവരം.

ബാഗല്ലൂരിലെ റിസോർട്ടിൽ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ ബാഗലൂരില്‍ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ് സൂചന. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

ബലാത്സംഗ കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആറാം ദിവസവും ഒളിവിൽ തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ട് രാഹുൽ മാങ്കൂട്ടത്തിൽ നേരെ പോയത് പൊള്ളാച്ചിയ്ക്കെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന് ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. ഹൈവേ ഒഴിവാക്കി ജില്ലാ അതിർത്തിയായ കൊഴിഞാമ്പാറ വഴിയാണ് എംഎൽഎ കടന്നിരിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. രാഹുൽ പാലക്കാടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നും വിവരമുണ്ട്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രം​ഗത്ത് എത്തി. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം. 23കാരിയാണ് പരാതിയുമായി എത്തിയത്.