Headlines

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ തടഞ്ഞ കേസ്; മേയര്‍ ആര്യ രാജേന്ദ്രനെയും, സച്ചിന്‍ ദേവ് എംഎല്‍എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും, സച്ചിന്‍ ദേവ് എംഎല്‍എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി.

യദു നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച് കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മേയറെ പ്രതി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

2024 ഏപ്രില്‍ 27 നാണ് കേസിനാസ്പദമായ സംഭവം. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയും ആയ സച്ചിന്‍ ദേവും കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറായിരുന്ന യദുവും തമ്മില്‍ നടുറോഡില്‍ വാക്ക് തര്‍ക്കം ഉണ്ടായി്. എംഎല്‍എ കെഎസ്ആര്‍ടിസി ബസില്‍ കയറി ഡ്രൈവറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് വിവാദമായി. ശേഷം ഡ്രൈവര്‍ അശ്ലീല അംഗീകാരം കാണിച്ചു എന്ന് ആരോപിച്ച് മേയര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അസഭ്യം പറഞ്ഞു എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി യദു പൊലീസില്‍ പരാതി നല്‍കിയിരുന്നു എങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.ശേഷം കോടതിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പൊലീസ് അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

കുറ്റപത്രത്തില്‍ നിന്ന് മേയറേയും, എംഎല്‍എയേയും ഒഴിവാക്കിയതില്‍ പരാതി നല്‍കുമെന്ന് യദു വ്യക്തമാക്കി. കേസില്‍ മൊത്തം അഞ്ച് പ്രതികള്‍ ഉണ്ടായിരുന്നു. അതില്‍ നാല്് പേരെ ഒഴിവാക്കി. ഒരാളെ മാത്രം പ്രതി ചേര്‍ത്തു. വെറുമൊരു പെറ്റി കേസ് മാത്രമാക്കി ഫൈന്‍ ഇട്ടിരിക്കുകയാണ്. അതിന് എതിരായി പരാതി കൊടുക്കും. അഞ്ച് പേരെയും പ്രതി ചേര്‍ക്കണമെന്നാണ് ആവശ്യം. ഇതില്‍ കണ്ടക്ടറെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യദു ആവശ്യപ്പെടുന്നു. മേയറും എംഎല്‍എയുമൊക്കെ ഇപ്പോഴും ജോലി ചെയ്യുകയല്ലേയെന്നും തനിക്ക് മാത്രമാണ് ജോലി നഷ്ടപ്പെട്ടതെന്നും യദു പറഞ്ഞു. സ്വകാര്യ ബസില്‍ ജോലി ചെയ്യുകയാണിപ്പോള്‍ യദു.