തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ അപ്രതീക്ഷിത കരുനീക്കവുമായി കോൺഗ്രസ്. 48 വാർഡുകളിലെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ എസ് ശബരീനാഥൻ ആണ് മേയർ സ്ഥാനാർഥി. വൈകിട്ട് കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ മുരളീധരൻ ആയിരിക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. സീറ്റ് വിഭജന ചർച്ചകളും അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്.
ഇന്നലെ ഡിസിസി ഓഫീസിൽ ചേർന്ന് കോർ കമ്മിറ്റി യോഗത്തിലാണ് ശബരീനാഥനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തത്. ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡിൽ വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ നിന്നും മത്സരിക്കുന്നത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരിനാഥനെ മത്സരിപ്പിക്കാൻ ധാരണയായത്.
അതേസമയം, 100 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 51 സീറ്റുകളാണ് എല്‍ഡിഎഫിനുള്ളത്. ബിജെപിക്ക് 34 അംഗങ്ങള്‍. 10 ഇടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചത്. ഇതില്‍ എട്ടെണ്ണമാണ് കോണ്‍ഗ്രസിന്‍റെ സീറ്റുകള്‍. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പില്‍ 51 വനിതാ സംവരണ വാർഡുകളാണ് കോർപ്പറേഷനിലുള്ളത്. പിതാവ് ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്നു 2015ലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിലൂടെയാണ് ശബരിനാഥൻ പാർലമെന്റ്റി രംഗത്ത് എത്തുന്നത്. 2016ലും വിജയം ആവർത്തിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം നിലവില്‍ KPCC ജനറൽ സെക്രട്ടറിയാണ്.






