തിരുവനന്തപുരത്ത് കെ എസ് ശബരീനാഥനെ ഇറക്കാൻ കോൺഗ്രസ്; കോർപറേഷനിൽ മത്സരിപ്പിക്കാൻ ആലോചന

മുൻ എംഎൽഎ കെ എസ് ശബരീനാഥനെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ആലോചനയിൽ കോൺഗ്രസ്. തിരുവനന്തപുരം കോർപ്പറേഷനിൽ, കവടിയാർ വാർഡിൽ സ്ഥാനാർഥിയാക്കാനാണ് നീക്കം. കെ എസ് ശബരീനാഥനെ കോർപ്പറേഷനിൽ ഇറക്കാൻ നേതൃ യോഗങ്ങളിൽ ആലോചന നടന്നതായാണ് വിവരം.

ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള കോർപറേഷനിൽ ജനകീയരായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരിയെ കളത്തിലിറക്കുന്നത്. കവടിയാർ വാർഡിൽ‌ നിന്നാകും ശബരി മത്സരിക്കുക. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ മത്സരിക്കുന്നത്.

മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം കോർപറേഷനിൽ പരമാവധി സീറ്റുകൾ പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ എസ് ശബരീനാഥനെ പോലൊരു മുൻ എംഎൽഎയെ കോൺഗ്രസ് കളത്തിലിറക്കുന്നത്. ശബരിയെ മുൻനിർത്തിയുള്ള പ്രചാരണത്തിന് നഗരത്തിലെ യുവാക്കളെ അടക്കം ആകർഷിക്കാനാകും എന്നാണ് വിലയിരുത്തൽ.