കോൺഗ്രസ് റോഡ് ഉപരോധത്തിൽ ഉണ്ടായ അക്രമത്തിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നു പോലീസ്. നടൻ ജോജു ജോർജിനെ അക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ടോണിക്കെതിരെയും പ്രവർത്തകർക്കെതിരെയും പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് .
റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും അക്രമത്തിനു നേതൃത്വം കൊടുത്തത് കൊച്ചി മുൻ മേയർ ടോണി ചമ്മിണിയാണെന്നുമാണ് മരട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത് . കാറിന്‍റെ ചില്ല് തകർത്തത് കണ്ടാൽ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ആണെന്ന് ജോജു മൊഴി നൽകിയിരുന്നു. ആറു ലക്ഷം രൂപയുടെ നഷ്ട്മാണ് കാറിന് ഉണ്ടായതെന്നും എഫ്‌ഐആറിൽ പറയുന്നു . ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനാൽ ടോണി ചമ്മിണിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകും . തനിക്കെതിരെ കള്ളക്കേസ് ആണ് രജിസ്റ്റർ ചെയ്തതെന്നും നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്ന് ടോണി ചമ്മിണി പറഞ്ഞു .
അതേസമയം കൊച്ചിയിലെ യൂത്ത് കോൺഗ്രസ് സമരത്തിന് നേരെ പ്രതിഷേധിച്ച് പ്രവർത്തകരോട് തട്ടിക്കയറിയ നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തില്ല. ജോജു ജോർജിനെതിരെ കോൺഗ്രസ് വനിതാ പ്രവർത്തക നൽകിയ പരാതിയിൽ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തുടർനടപടികൾ ഉണ്ടാകുമെന്നു മരട് പോലീസ് വ്യക്തമാക്കി .