16 ഇനം പച്ചക്കറി, പഴ, കിഴങ്ങുവർഗങ്ങൾക്ക് സംസ്ഥാനത്ത് പ്രഖ്യാപിച്ച അടിസ്ഥാനവില ലഭിക്കാനുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിച്ചു. പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾ വഴി സംഭരണം നടത്തുന്ന കർഷകർക്ക് രജിസ്ട്രേഷൻ നിർബന്ധമല്ല.
ഹോർട്ടികോർപ്, വിഎഫ്പിസികെ വഴി 300 കേന്ദ്രവും പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾ വഴി 250 കേന്ദ്രവുമാണുള്ളത്.
കേരള ഫാം ഫ്രഷ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് എന്ന ബ്രാൻഡിലാണ് ഉൽപ്പന്നങ്ങൾ സംഭരിക്കുന്നത്. ലിസ്റ്റിലുള്ള വിളകളുടെ വില അടിസ്ഥാനവിലയിൽ താഴ്‌ന്നാൽ ആ തുക കർഷകരുടെ അക്കൗണ്ടിലേക്ക് നൽകുന്നതാണ് പദ്ധതി. രാജ്യത്തുതന്നെ ആദ്യമായാണ് കാർഷിക ഉൽപ്പന്നങ്ങൾക്ക് അടിസ്ഥാനവില പ്രഖ്യാപിക്കുന്നത്.
രജിസ്ട്രേഷൻ ഇങ്ങനെ
കൃഷി വകുപ്പിന്റെ www.aims.kerala.gov.in എന്ന വെബ് പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. വകുപ്പ് തയ്യാറാക്കിയ AIMS എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തും രജിസ്ട്രേഷൻ നടത്താം. കർഷകരും കർഷക സംഘങ്ങളും അവരുടെ കൃഷിയിടത്തിന്റെ വിസ്തീർണ്ണം, വിതയ്ക്കൽ വിശദാംശങ്ങൾ, പ്രതീക്ഷിക്കുന്ന വിളവ്, വിളവെടുപ്പ് സമയം എന്നീ വിവരങ്ങൾ കൃഷിയിറക്കുന്ന സീസണ് മുമ്പായി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.