സിപിഐഎമ്മിന്റെ മാതൃക പിന്തുടര്‍ന്ന് സിപിഐയും. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം ഏറ്റെടുക്കേണ്ട ഭാവി കടമകളില്‍ വികസന കാഴ്ചപ്പാട് മുഖ്യവിഷയമാക്കും. സംസ്ഥാന സമ്മേളനത്തില്‍ വികസനം സംബന്ധിച്ച കര്‍മ്മ പദ്ധതി തീരുമാനിക്കുമെന്ന് ദേശിയ എക്‌സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാര്‍ എം.പി പറഞ്ഞു.
കേരള വികസനത്തില്‍ പാര്‍ട്ടിക്കുളള പങ്ക് ബോധ്യപ്പെടുത്തിക്കൊണ്ടാണ് ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ പുതിയ വികസന കാഴ്ചപ്പാട് ചര്‍ച്ചചെയ്യാന്‍ സിപിഐ തീരുമാനിച്ചിരിക്കുന്നത്. പഴയ കാര്യങ്ങള്‍ അയവിറക്കി കൊണ്ടിരുന്നാല്‍ പോരാ ഭാവികേരളത്തെ സംബന്ധിച്ച ആശയങ്ങള്‍ രൂപപ്പെടുത്തണമെന്ന നേതൃത്വത്തിന്റെ നിലപാടും ചര്‍ച്ചക്ക് വഴിവെച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഭാവിയില്‍ ഏറ്റെടുക്കേണ്ട കടമകളില്‍ മുഖ്യവിഷയം സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടായിരിക്കും എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
വികസന കാര്യങ്ങളില്‍ പാര്‍ട്ടിയുടെ പങ്ക് പറയാന്‍ മടിക്കുന്ന സിപിഐഎമ്മിന് പരോക്ഷ മറുപടി നല്‍കാനും സിപിഐ ശ്രമിക്കുന്നുണ്ട്.
സിപിഐഎമ്മിന്റെ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലും കേരളത്തിന്റെ വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രേഖ ചര്‍ച്ച ചെയ്തിരുന്നു. ഇതേമാതൃക പിന്തുടര്‍ന്നാണ് സിപിഐയും വികസനം ചര്‍ച്ച ചെയ്യാനൊരുങ്ങുന്നത്. നാല് വകുപ്പ് മാത്രം കൈയ്യിലുളള പാര്‍ട്ടിക്ക് എങ്ങനെ സമഗ്ര വികസന കാഴ്ചപ്പാട്
അവതരിപ്പിച്ച് നടപ്പാക്കാനാവും എന്ന് നേതാക്കള്‍ക്ക് സംശയമുണ്ട്.