ദി കേരളാ സ്റ്റോറിക്ക് ദേശീയ തലത്തില്‍ അംഗീകാരം നല്‍കിയത് തെറ്റായ സന്ദേശമാണ് നല്‍കികുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കേരള സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായവയിലുണ്ട്. ഏതെങ്കിലും തരത്തില്‍ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാന്‍ പറ്റില്ല. മറിച്ച്, വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നതിനിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ഉപയോഗിക്കുന്നതിനുള്ള സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ – അദ്ദേഹം പറഞ്ഞു.
കലയുടെ പേരു പറഞ്ഞ് വര്‍ഗീയ ധ്രുവീകരണം നടത്തുന്ന ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന ഇത്തരം സിനിമകള്‍ എങ്ങിനെയാണ് മികച്ച ചിത്രമായ് മാറിയത് എന്ന് എല്ലാവരും ചര്‍ച്ച ചെയ്യേണ്ടതാണ്. ഇത്രയേറെ മതനിരപേക്ഷ നിലപാടുള്ള കേരളത്തെ വര്‍ഗീയതയുടെ വിഷം കലര്‍ത്തി മോശമായി ചിത്രീകരിച്ചു. കലാമൂല്യമുള്ള ചിത്രങ്ങള്‍ അവഗണിച്ചാണ് ഇത്തരം സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കിയത് – മുഖ്യമന്ത്രി പറഞ്ഞു.
മലയാള സിനിമയുടെ സര്‍വതല സ്പര്‍ശിയായ വളര്‍ച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുകയെന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആ ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് പലകാര്യങ്ങളിലും രാജ്യത്തിനാകെ തന്നെ മാതൃകയായ കേരളത്തിന്റെയും മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവെപ്പാണ് ചലച്ചിത്ര നയരൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന കോണ്‍ക്ലേവും. 1928 നവംബര്‍ ഏഴിന് തിരുവനന്തപുരം ക്യാപിറ്റോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ജെ സി ഡാനിയേലിന്റെ വിഗതകുമാരനില്‍ നിന്നാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത്. ആ തിരുവനന്തപുരം തന്നെ ഇത്തരമൊരു ഉദ്യമത്തിന് വേദിയാകുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. വിഗതകുമാരന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്കും വികസത്തിനും മലയാള സിനിമ സാക്ഷ്യം വഹിച്ചു – അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്‍പത് ദശകക്കാലത്തിനുള്ളില്‍ കേരളമെന്ന ദേശത്തെ ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ മലയാള സിനിമയ്ക്കും ഇവിടുത്ത ചലച്ചിത്ര പ്രതിഭകള്‍ക്കും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒട്ടനവധിദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ മലയാള സിനിമ ഇതിനകം നേടിയിട്ടുണ്ട്. ഉയര്‍ന്ന സാക്ഷരത മാത്രമല്ല ഉയര്‍ന്ന ദൃശ്യസാക്ഷരതയും ഉന്നതമായ ആസ്വാദന ശേഷിയുമുള്ള നാടായി കേരളം വിലയിരുത്തപ്പെടുന്നത്. കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് വേണ്ട സാംസ്‌കാരിക ഊര്‍ജം പകരുന്നതില്‍ മലയാള സിനിമ വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത് – മുഖ്യമന്ത്രി വിശദമാക്കി.
നവ്യാ നായര്‍ മുഖ്യമന്ത്രിക്ക് ക്ലാപ്പ് നല്‍കിയാണ് ഉദ്ഘടന ചടങ്ങ് നടത്തിയത്. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന സമ്മേളനത്തില്‍ മോഹന്‍ലാലും സുഹാസിനി മണിരത്നവും മുഖ്യാതിഥികളായി. വെട്രിമാരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മധുപാല്‍, കെ മധു ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.