വീണ്ടും കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെ നൽകിയ പരാതിയിലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. പാലാരിവട്ടം പോലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 9 ൽ ആണ് പരാതി സമർപ്പിച്ചത്. പരാതിയിൽ പൊലീസിനോട് കോടതി വിശദീകരണം തേടി.
യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായതും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തിയെന്നും അൻസിബ പരാതിയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോയിലെ പരാമർശങ്ങൾ തികച്ചും അശ്ലീലവും ഒരു സ്ത്രീ എന്ന നിലയിൽ തന്റെ അന്തസിനെയും മര്യാദയെയും തകർക്കുന്നതും പൊതുസമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് അൻസിബ പറഞ്ഞിരുന്നു.ലക്ഷമി പ്രിയയും ശ്വേത മേനോനും തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു, തന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനും വ്യാജ ആരോപണങ്ങൾ കെട്ടിച്ചമക്കുന്നു, സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയൊ നിർമ്മിച്ച് പ്രചരിപ്പിച്ചു എന്നും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് ശ്വേത തിരുവനന്തപുരത്തെ പിആർ ഏജൻസിയുമായി കരാറുണ്ടാക്കി എന്നും അൻസിബയുടെ പരാതിയിൽ പറയുന്നു.









