എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി മന്ത്രി വി. എൻ. വാസവൻ. കുത്തഴിഞ്ഞ പുസ്തകത്തെ ചിട്ടയായി മാറ്റിയെടുത്തത് വെള്ളാപ്പള്ളി നടേശനാണ്. വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി പ്രസ്ഥാനത്തോട് പ്രകടിപ്പിക്കുന്ന കൂറ് വലുതാണ്. വിശ്രമജീവിതത്തിലേക്ക് എല്ലാവരും പോകുന്ന കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശൻ ധീരമായി ഉത്തരവാദിത്വം ഏറ്റെടുത്തത്. ശ്രീനാരായണ ഗുരു ദർശനങ്ങൾക്ക് വളരെ പ്രാധാന്യമുള്ള കാലഘട്ടമാണെന്നും വി. എൻ. വാസവൻ പറഞ്ഞു.
ഇതിനിടെ തന്നെ കുറ്റം പറയാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും, മാറി നിന്ന് കുറ്റം പറയുന്നത് സംഘടനക്ക് നല്ലതല്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്നെ കള്ള് കച്ചവടക്കാരനെന്ന് പറഞ്ഞത് വരെ സഹിച്ചു. ട്രാക്ക് തെറ്റിയാണ് എസ്എൻഡിപി യോഗത്തിലേക്ക് വന്നത്. വി. എസ്. അച്യുതാനന്ദനുൾപ്പടെ തന്നെ പ്രേരണയായതാണ് പ്രസ്ഥാനത്തെ ചേർത്ത് പിടിക്കാൻ കാരണം.“താൻ പൊതുപ്രവർത്തനം തുടങ്ങുമ്പോൾ തന്റെ സമുദായം എവിടെ കിടക്കുന്നു എന്നെനിക്ക് അറിയാമെന്നും” വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.