Headlines

‘GST യുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ്, സംസ്ഥാനത്തിന് 200 കോടിയുടെ നഷ്ടം’ ; വി.ഡി. സതീശൻ

കേരളത്തിലെ ചരക്ക് സേവന നികുതി (GST) സംവിധാനത്തിൽ ഏകദേശം 1100 കോടിയുടെ വ്യാജ ഇടപാടുകൾ നടന്നതായുള്ള ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യാജ പേരുകളിൽ ആയിരത്തിലധികം തെറ്റായ GST രജിസ്ട്രേഷനുകൾ ഉപയോഗിച്ച് നടന്ന ഈ വൻ തട്ടിപ്പ് പൂനെയിലെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗമാണ് കണ്ടെത്തുകയും തുടർന്ന് സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തത്. എന്നാൽ ഇത്രയും ഗുരുതരമായ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടും സർക്കാർ ഇതുവരെ ഒരു അന്വേഷണവും പ്രഖ്യാപിക്കുകയോ ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. തട്ടിപ്പ് കാരണം സംസ്ഥാന ഖജനാവിന് ലഭിക്കേണ്ടിയിരുന്ന 200 കോടിയിലധികം രൂപയുടെ വരുമാനമാണ് നഷ്ടമായത്.

പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന പ്രധാന വിമർശനം സർക്കാർ രജിസ്ട്രേഷൻ റദ്ദാക്കുക എന്ന ലളിതമായ നടപടിയിൽ ഒതുങ്ങിനിൽക്കുന്നു എന്നതാണ്. ഈ തട്ടിപ്പ് മഞ്ഞുമലയുടെ ഒരറ്റം മാത്രം ആയിരിക്കാമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച വൻ റാക്കറ്റിനെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല സ്വന്തം പേരുകൾ ദുരുപയോഗം ചെയ്യപ്പെട്ട് ബലിയാടായ ഇരകളെ ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും അറിയിക്കുകയോ അവർക്ക് നിയമ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്തിട്ടില്ല എന്നതും ഗൗരവതരമാണ്.

തെറ്റ് കണ്ടിട്ടും പ്രതികരിക്കാതെ തട്ടിപ്പിന് മൗനാനുവാദം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ഇരകൾക്ക് നിയമസഹായം നൽകി അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വി.ഡി. സതീശൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷയെയും നികുതി സംവിധാനത്തിന്റെ വിശ്വാസ്യതയെയും തകർക്കുന്ന ഈ തട്ടിപ്പിൽ സർക്കാർ എത്രയും പെട്ടെന്ന് ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.