തീരുവ യുദ്ധത്തിനിടെ മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഈ മാസം നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടെ ഇരുനേതാക്കളും ചര്‍ച്ച നടത്താനാണ് സാധ്യത. ഒക്ടോബര്‍ 26, 27 തീയതികളില്‍ മലേഷ്യയില്‍ വച്ചാണ് ആസിയാന്‍ ഉച്ചകോടി. ഉച്ചകോടിക്കായി ട്രംപിനെ മലേഷ്യ ക്ഷണിച്ചു കഴിഞ്ഞു. ട്രംപ് പങ്കെടുക്കുകയാണെങ്കില്‍ ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങും.
അമേരിക്ക 50 ശതമാനം നികുതി ചുമത്തിയതിന് ശേഷം ഇരു നേതാക്കളും നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. കാനഡയില്‍ വച്ച് നടന്ന ജി7 ഉച്ചകോടിക്കിടെ ഇരുവര്‍ക്കും കൂടിക്കാഴ്ച നടത്താന്‍ സാധിച്ചിരുന്നില്ല.
അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന് ഇന്ത്യ സന്ദര്‍ശിക്കും. സന്ദര്‍ശനം ഡിസംബര്‍ 5,6 തീയതികളിലെന്ന് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ ചൊല്ലി അമേരിക്കയില്‍ നിന്ന് ഇന്ത്യക്കെതിരെ സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് പുടിന് ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന വാര്‍ത്തകള്‍ വരുന്നത്.
കഴിഞ്ഞാഴ്ച യുഎന്‍ പൊതുസഭയ്ക്കിടെ ഇന്ത്യന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു. പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, സഹകരണം ഉള്‍പ്പെടെയുള്ള അജണ്ടകള്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കായിരുന്നു.