Headlines

ആട്ടിറച്ചിയെന്ന് പറഞ്ഞ് പോത്തിറച്ചി വിളമ്പി; ബെംഗളൂരുവില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍, റസ്റ്ററന്റ് പൂട്ടി

 

ബെംഗളൂരു: ആട്ടിറച്ചിയെന്ന് പറഞ്ഞ് റസ്റ്ററന്റില്‍ പോത്തിറച്ചി വിളമ്പിയ സംഭവത്തില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍.

 

ബുഡിഗെരെ ക്രോസിനടുത്തുള്ള ബൊമ്മനഹള്ളിയിലെ ഇസിരി ഹബ്ബില്‍ സ്ഥിതി ചെയ്യുന്ന കായലോരം റസ്റ്ററന്റിലാണ് സംഭവം. തുടര്‍ന്ന് റസ്റ്ററന്റ് അടച്ചുപൂട്ടി.മലയാളികളായ ജിജു, ഷിബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ അഭിലാഷ് ഒളിവിലാണ്. ഏകദേശം 18 മാസമായി ഈ റസ്റ്ററന്റ് പ്രവര്‍ത്തിച്ചു വരികയായിരുന്നു. മട്ടണ്‍ മീല്‍സ് ഓര്‍ഡര്‍ ചെയ്ത ഒരു കൂട്ടം ഉപഭോക്താക്കള്‍ക്കാണ് വിളമ്പിയത് മട്ടണ്‍ അല്ലെന്ന് സംശയം തോന്നിയത്. തുടര്‍ന്നാണ് കള്ളത്തരം പുറത്തായത്.ഉപഭോക്താക്കള്‍ ആവലഹള്ളി പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. അന്വേഷണത്തില്‍, ആട്ടിറച്ചിക്ക് പകരം ബീഫ് വിളമ്പുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് സ്ഥാപനം സീല്‍ ചെയ്യുകയായിരുന്നു. പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആവലഹള്ളി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക് ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.