പ്രഭാത വാർത്തകൾ

 

🔳കേരളത്തില്‍ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികള്‍ക്കു വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന്‍ വഴിയും വാക്സിന്‍ സ്വീകരിക്കാം.

🔳ഓണ്‍ ലൈന്‍ ഭക്ഷണ വിതരണ ശ്രംഖലയിലൂടെ ഭക്ഷണം വാങ്ങാന്‍ ഇന്നു മുതല്‍ ചെലവേറും. സ്വിഗ്ഗി, സൊമാറ്റോ, റെസോയി തുടങ്ങിയ ഓണ്‍ലൈന്‍ ശ്രംഖലകള്‍വഴി വാങ്ങുന്ന ഭക്ഷണത്തിന് ഇന്നു മുതല്‍ അഞ്ചു ശതമാനം ജിഎസ്ടി ചുമത്തി. ഇന്നലെവരെ ജിഎസ്ടി ചുമത്തേണ്ട ചുമതല ഹോട്ടലുകള്‍ക്കായിരുന്നു. ഇന്നു മുതല്‍ ഓണ്‍ലൈന്‍ സേവനദാതാക്കള്‍ക്കാണു ചുമതല.

🔳ചെരുപ്പുകള്‍ക്ക് വില വര്‍ധന. ചെരുപ്പുകളുടെ ജിഎസ്ടി അഞ്ചു ശതമാനത്തില്‍നിന്ന് ഇന്നു മുതല്‍ 12 ശതമാനമായി വര്‍ധിപ്പിച്ചു. എന്നാല്‍ തുണിത്തരങ്ങള്‍ക്കു തത്കാലം നികുതി വര്‍ധനയില്ല. അഞ്ചു ശതമാനം നികുതി ഇന്നു മുതല്‍ 12 ശതമാനമാക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് ജിഎസ്ടി കൗണ്‍സില്‍ പിന്‍വലിച്ചത്.

🔳സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന വര്‍ക്സ് കോണ്‍ട്രാക്ട് സേവനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് ഇന്നു മുതല്‍ 18 ശതമാനം ആയി വര്‍ധിക്കും. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ നേരിട്ടു നല്‍കുന്ന കരാറുകള്‍ക്കു നിരക്കു വര്‍ധന ബാധകമല്ല. നിലവില്‍ 12 ശതമാനമായിരുന്നു നികുതി.

🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍മൂലം കേരളത്തില്‍ പുതുവത്സരാഘോഷത്തിനു നിറം മങ്ങി. രാത്രി കര്‍ഫ്യു പത്തു മണി മുതലാണെങ്കിലും ഒമ്പതോടെത്തന്നെ പോലീസ് നടപടികള്‍ ആരംഭിച്ചു. ഹോട്ടലുകള്‍ ഒമ്പതരയ്ക്കു മുമ്പേ അടച്ചു. പോലീസ് വേട്ട ഭയന്ന് ജനം റോഡിലിറങ്ങിയില്ല. ആള്‍ക്കുട്ടമില്ലാതെയാണ് കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി പുതുവര്‍ഷം പുലര്‍ന്നത്.

🔳പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഉടനില്ല. കരടു വിജ്ഞാപനത്തിന്റെ കാലാവധി ആറുമാസത്തേക്കു കൂടി നീട്ടും. കേരളത്തിലെ 123 വില്ലേജുകളിലെ 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല പരിധിയിലുള്ളത്. കേരളത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് ഉമ്മന്‍ വി ഉമ്മന്‍ സമിതി 2018 ഡിസംബറില്‍ തയ്യാറാക്കിയ പട്ടിക പ്രകാരം ഇത് 9,993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചിരുന്നു. ജനവാസ മേഖലയിലെ 1,337 ചതുരശ്ര കിലോമീറ്റര്‍ കൂടി കുറക്കണമെന്നാണ് ഇപ്പോള്‍ കേരളത്തിന്റെ ആവശ്യം.

🔳ആധാറും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള നിയമം പ്രാബല്യത്തിലായി. പ്രതിപക്ഷ എതിര്‍പ്പുകള്‍ തള്ളിയാണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. രാഷ്ട്രപതി അംഗീകാരം നല്‍കിയതിനു പിറകേ, കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

🔳കേരളത്തിലെ പോലീസ് തലപ്പത്ത് അഴിച്ചുപണി. ഹര്‍ഷിത അട്ടല്ലൂരിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. പി. പ്രകാശിനെ ദക്ഷിണ മേഖലാ ഐജിയായും ആര്‍. നിശാന്തിനിയെ തിരുവനന്തപുരം ഡിഐജിയായും നിയമിച്ചു. സ്പര്‍ജന്‍കുമാറാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍. എ.വി. ജോര്‍ജ് കോഴിക്കോട് കമ്മീഷണറായി തുടരും. ഐജിമാരായ മഹിപാല്‍ യാദവ്, ബല്‍റാംകുമാര്‍ എന്നിവര്‍ക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കി.

🔳ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ആര്‍ടിപിസിആര്‍ ഫലം വൈകുന്നതിനാലാണ് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കണമെന്നു നിര്‍ദേശിച്ചത്.

🔳കെ റെയില്‍ പദ്ധതിക്കെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്നു കോണ്‍ഗ്രസ്. കെ റെയില്‍ പദ്ധതിയുടെ വിപത്തുകള്‍ തുറന്നു കാട്ടുന്ന ലഘുലേഖകളുമായി അടുത്ത ആഴ്ച മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍തോറും പ്രചാരണം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍.

🔳ശബരിമലയില്‍ തിരക്കുമൂലം ദര്‍ശന സമയം വര്‍ധിപ്പിച്ചു. ഇന്നലെ മുതല്‍ രാത്രി 11 നു ഹരിവരാസനം പാടി നട അയ്ക്കുന്ന രീതിയിലേക്കു മാറി. നേരത്തെ രാത്രി പത്തിനാണ് നടയടച്ചിരുന്നത്. ജനുവരി 11 നാണു എരുമേലി പേട്ടതുള്ളല്‍.

🔳കേരളത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി വ്യാപകമാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. എല്ലാ ജില്ലകളിലും ഓരോ ഫാമുകള്‍ തെരഞ്ഞെടുത്ത് ഈ കൃഷിരീതി നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു.

🔳സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തിലെ പാര്‍ട്ടി റിപ്പോര്‍ട്ടില്‍ സിപിഐക്കെതിരെ വിമര്‍ശനം. സിപിഐയിലെ വിഭാഗീയത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ വോട്ടുചോര്‍ച്ചയ്ക്കു കാരണമായെന്നാണ് സിപിഎം വിലയിരുത്തല്‍. കരുനാഗപ്പള്ളിയിലെ തോല്‍വിക്കു കാരണം ഇതാണെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. കൊല്ലത്ത് എം. മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പാര്‍ട്ടി ഘടകങ്ങളില്‍ അഭിപ്രായ ഭിന്നത ഉണ്ടായത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

🔳വാട്ടര്‍ മെട്രോയോക്കുവേണ്ടി കൊച്ചി ഷിപ്യാര്‍ഡ് നിര്‍മിക്കുന്ന 23 ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് കെ.എം.ആര്‍.എല്ലിനു കൈമാറി. ബോട്ടിനു മുസിരിസ് എന്നാണു പേരിട്ടത്. എയര്‍കണ്ടീഷന്‍ ചെയ്ത ബോട്ടില്‍ 100 പേര്‍ക്കു യാത്ര ചെയ്യാം.

🔳പുതുവത്സരാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുമ്പോള്‍ ഒമിക്രോണ്‍ ഭീഷണിയായി മുന്നിലുണ്ടെന്നത് മറക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രോഗപ്പകര്‍ച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

🔳ബില്ല് ഇല്ലാതെ മദ്യം കൊണ്ടുപോകാനാവില്ലെന്ന് പോലീസ്. ഒടുവില്‍ മദ്യം റോഡരികില്‍ ഒഴിച്ചുകളഞ്ഞ് സ്വീഡിഷ് പൗരന്റെ പ്രതിഷേധം. കോവളത്താണു പൊലീസിനു മുന്നില്‍വച്ച് രണ്ട് കുപ്പി മദ്യം ഒഴിച്ച് കളഞ്ഞത്. പുതുവല്‍സരം ആഘോഷിക്കാനുള്ള മദ്യവുമായി സ്‌കൂട്ടറില്‍ കോവളത്തെ ഹോം സ്റ്റേയിലേക്ക് പോകുമ്പോഴായിരുന്നു സ്റ്റീവിനെ പൊലീസ് തടഞ്ഞത്.

🔳കോണ്‍ഗ്രസ് വിട്ട പാലക്കാട്ടെ മുന്‍ ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിപിഎമ്മില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് 15 മിനിറ്റു നീണ്ട കൂടിക്കാഴ്ച. പെരിങ്ങോട്ടുകുറിശി പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ഒളപ്പമണ്ണ സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കാനാണു പോയതെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ഗോപിനാഥ്.

🔳പശ്ചിമ ബംഗാള്‍ സ്വദേശിയില്‍നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നു പ്രതികള്‍കൂടി കോഴിക്കോട് പിടിയില്‍. സെപ്തംബര്‍ 20 നു രാത്രി ഒന്നേകാല്‍ കിലോ സ്വര്‍ണ്ണവുമായി പോയ റംസാന്‍ എന്നയാളെ ബൈക്കിലെത്തിയ എട്ടംഘ സംഘം അക്രമിച്ച് കവര്‍ച്ച നടത്തിയിരുന്നു. ഈ കേസില്‍ ചേളന്നൂര്‍ സ്വദേശി പത്മേഷ് എന്ന ഉണ്ണി (40), മുഹമ്മദ് ഷാറൂഖ് (34), ബംഗാളിയായ ഹൊജവട്ട നിയാഖത്ത് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഇതുവരെ 12 പേര്‍ പിടിയിലായി.

🔳കോഴിക്കോട് ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കോട്ടുളി പൊറ്റമ്മല്‍തടം വീട്ടില്‍ അതുല്‍ബാബു എന്ന 25 കാരനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

🔳വിദേശത്തേക്കു സ്വകാര്യ സന്ദര്‍ശനത്തിനു പോയ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി. വിദേശത്തെ കടല്‍ തീരത്തിരുന്ന് ട്വീറ്റ് ചെയ്യുന്ന കോമാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി വക്താവ് സഞ്ജു വര്‍മ വിമര്‍ശിച്ചു.

🔳കോവിഡ് വ്യാപനം തടയാന്‍ തമിഴുനാട്ടില്‍ ജനുവരി 30 വരെ നിയന്ത്രണങ്ങള്‍. ഇപ്പോഴുള്ള ലോക് ഡൗണ്‍ ജനുവരി പത്തുവരെ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എട്ടാം ക്ലാസ് വരെ അവധിയാണ്. വിവാഹത്തിനു നൂറു പേര്‍ക്കാണ് അനുമതി.

🔳പഞ്ചാബ് ലുധിയാനയിലെ കോടതിയിലുണ്ടായ സ്ഫോടനത്തില്‍ പ്രതിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഗഗന്‍ദീപ് സിംഗുമായി അടുപ്പമുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയെ സസ്പെന്‍ഡു ചെയ്തു. എസ്പി ഓഫീസിലെ വനിതാ കോണ്‍സ്റ്റബിളിനെ എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്.

🔳അയ്യായിരം വര്‍ഷം മുമ്പ് ഭഗവാന്‍ കൃഷ്ണന്‍ ഉപയോഗിച്ചിരുന്നത് പിലിബിത്ത് നിര്‍മിത പുല്ലാങ്കുഴല്‍ ആയിരുന്നെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പിലിബിത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു പ്രസംഗിക്കവേയാണ് യോഗി ഇങ്ങനെ പറഞ്ഞത്.

🔳ഹരിദ്വാറിലെ ‘ധര്‍മ സന്‍സദ്’ പരിപാടിക്കിടെ നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ പ്രതിഷേധവുമായി മുന്‍ സൈനിക മേധാവിമാര്‍ അടക്കമുള്ള പൗരപ്രമുഖര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. രാജ്യത്തു സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🔳യാത്രക്കാരുള്ള എസ്യുവി കാര്‍ പല്ലുകൊണ്ട് കടിച്ചുപിടിച്ച് പിന്നിലേയ്ക്കു വലിച്ചിഴയ്ക്കുന്ന കടുവ. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കര്‍ണാടകയിലെ ബനാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ കാറിന്റെ പിന്നിലെ ബമ്പറില്‍ കടിച്ചുപിടിച്ചു കടുവ വലിക്കുന്ന ദൃശ്യം വിനോദസഞ്ചാരികളാണ് പകര്‍ത്തിയത്. വ്യവസായി ആനന്ദ് മഹീന്ദ്ര ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. നാലു ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

🔳ഇക്കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ അതിസമ്പന്നരില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഗൗതം അദാനിയും അസിം പ്രേംജിയും. ഒന്നാം നമ്പര്‍ ധനികനായ മുകേഷ് അംബാനിയേക്കാള്‍ നേട്ടമാണ് ഇരുവരുമുണ്ടാക്കിയത്. ഗൗതം അദാനിയുടെ ആസ്തി 4,150 കോടി ഡോളര്‍ വര്‍ധിച്ചു. ഇപ്പോള്‍ ഇദ്ദേഹത്തിന് 7,530 കോടി ഡോളര്‍ ആസ്തിയാണുള്ളത്. മുകേഷ് അംബാനിക്കാകട്ടെ ഇപ്പോള്‍ 8,970 കോടി ഡോളറാണ് ആസ്തി. അദ്ദേഹത്തിന് വര്‍ധിപ്പിക്കാനായത് 1300 കോടി ഡോളറാണ്. അദാനിയുടെ കമ്പനികളെല്ലാം ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കിയതാണ് ആസ്തി കുതിച്ചുയരാന്‍ കാരണം.

🔳പ്രതീക്ഷയുടെ പുതുവല്‍സരം ആദ്യം പൊട്ടിവിടര്‍ന്നത് പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയില്‍. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും. ഇതിനു പിറകേ ന്യൂസിലാന്‍ഡില്‍. ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്ലാന്‍ഡില്‍ വെടിക്കെട്ടോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്.

🔳സൗദി രാജകുമാരനും അസീര്‍ ഗവര്‍ണറുമായ തുര്‍ക്കി ബിന്‍ തലാലുമായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഒസാഫ് സയീദും സംഘവും കൂടിക്കാഴ്ച നടത്തി. പൊതു താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നിരവധി മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനു ധാരണ.

🔳ഉക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ സൈന്യത്തെ വിന്യസിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ഉക്രെയിനില്‍ അധിനിവേശ ശ്രമം തുടര്‍ന്നാല്‍ രംഗത്തിറങ്ങുമെന്ന് അമേരിക്കയും സഖ്യകക്ഷികളും വ്യക്തമാക്കിയിരുന്നു. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനും ഇന്നലെ അമ്പതു മിനിറ്റ് ഫോണ്‍ സംഭാഷണം നടത്തി.

🔳ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് അണ്ടര്‍-19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ യുവനിര. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 38 ഓവറില്‍ 102 റണ്‍സായി പുനര്‍നിശ്ചയിച്ച വിജയലക്ഷ്യം വെറും 21.3 ഓവറില്‍ ഇന്ത്യന്‍ സംഘം മറികടന്നു. അണ്ടര്‍-19 ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.

🔳ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണിത്. ജസ്പ്രിത് ബുമ്രയാണ് ടീമിന്റെ ഉപനായകന്‍. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. വെങ്കടേഷ് അയ്യര്‍, റിതുരാജ് ഗെയ്കവാദ് എന്നിവരും ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

🔳കേരളത്തില്‍ ഇന്നലെ 60,962 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 342 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,794 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2742 പേര്‍ രോഗമുക്തി നേടി. ഇതോടെ 19,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസര്‍ഗോഡ് 34.

🔳ആഗോളതലത്തില്‍ ഇന്നലെ പതിനഞ്ച് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ നാല് ലക്ഷത്തിനു മുകളിലും ഫ്രാന്‍സില്‍ 2,32,200 പേര്‍ക്കും ഇംഗ്ലണ്ടില്‍ 1,89,846 പേര്‍ക്കും ഇറ്റലിയില്‍ 1,44,243 പേര്‍ക്കും ജര്‍മനിയില്‍ 33,466 പേര്‍ക്കും റഷ്യയില്‍ 20,638 പേര്‍ക്കും തുര്‍ക്കിയില്‍ 40,786 പേര്‍ക്കും അര്‍ജന്റീനയില്‍ 47,663 പേര്‍ക്കും ഗ്രീസില്‍ 40,560 പേര്‍ക്കും പേര്‍ക്കും പോര്‍ച്ചുഗലില്‍ 30,829 പേര്‍ക്കും അയര്‍ലണ്ടില്‍ 20,110 പേര്‍ക്കും ആസ്ട്രേലിയയില്‍ 32,893 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 28.82 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.91 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,250 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 711 പേരും റഷ്യയില്‍ 912 പേരും പോളണ്ടില്‍ 638 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.51 ലക്ഷമായി.

🔳രാജ്യത്ത് ബാങ്കുകളുടെ തലപ്പത്തുള്ളവര്‍ വാങ്ങുന്ന ശമ്പളം ജീവനക്കാരുടെ ശരാശരി ശമ്പളത്തേക്കാള്‍ 75 മടങ്ങുവരെ അധികമെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകളുടെ സി.ഇ.ഒമാര്‍ 2020-21ല്‍ വാങ്ങിയത് ജീവനക്കാരുടെ ശരാശരി ശമ്പളത്തേക്കാള്‍ മൂന്നുമടങ്ങ് അധികമാണ്. സ്മാള്‍ ഫിനാന്‍സ് ബാങ്കുകളിലെ സി.ഇ.ഒമാരുടെ ശമ്പളം ജീവനക്കാരുടെ ശരാശരിയുടെ 75 മടങ്ങ് അധികമായിരുന്നു; സ്വകാര്യ ബാങ്കുകളുടെ സി.ഇ.ഒമാരുടെ ശമ്പളം 67 മടങ്ങും. വിദേശ ബാങ്കുകളില്‍ ഈ അന്തരം താരതമ്യേന കുറവാണെന്നും അവയുടെ ജീവനക്കാര്‍ ഉയര്‍ന്ന ശമ്പളമാണ് കൈപ്പറ്റുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

🔳കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ രാജ്യത്തു ശരാശരി ഒരു വ്യക്തി പ്രതിമാസം ഉപയോഗിക്കുന്ന മൊബൈല്‍ ഇന്റര്‍നെറ്റില്‍ വന്‍ വര്‍ധനയെന്നു ടെലികോം വകുപ്പ്. 2014ല്‍ 61.66 എംബി ആയിരുന്നു പ്രതിമാസ ഉപയോഗമെങ്കില്‍ 2021ല്‍ ഇത് 14 ജിബിയായി ഉയര്‍ന്നു. 2014ല്‍ 25.15 കോടി ഇന്റര്‍നെറ്റ് കണക്ഷനുകളാണു രാജ്യത്തുണ്ടായിരുന്നത്. ഇക്കൊല്ലം അത് 83.37 കോടിയായി. ബ്രോഡ്ബാന്‍ഡ് കണക്ഷനുകളിലും മികച്ച വര്‍ധനയുണ്ടായി. 2014ല്‍ 6.1 കോടിയായിരുന്നത് 2021ല്‍ 79 കോടിയായി. 2014ല്‍ 4 ലക്ഷം മൊബൈല്‍ ടവറുകളുണ്ടായിരുന്നത്, 2021ല്‍ 6.6 ലക്ഷമായി.

🔳ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ടീസര്‍ പുറത്ത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്. ജോണ്‍ കറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍, മകന്‍ ഈശോ ജോണ്‍ കറ്റാടി ആയാണ് പൃഥ്വിരാജ് എത്തുന്നത്. അന്നമ്മ എന്ന കഥാപാത്രമായി മീന എത്തുന്നു. അന്ന എന്നാണ് കല്യാണി പ്രിയദര്‍ശന്റെ കഥാപാത്രത്തിന്റെ പേര്. കുര്യന്‍ മാളിയേക്കല്‍ ആയി ലാലു അലക്‌സ്, എല്‍സി കുര്യനായി കനിഹ, ഡോ: സാമുവലായി ജഗദീഷ്, ഹാപ്പി പിന്റോ ആയി സൗബിന്‍, അമ്മച്ചിയായി മല്ലിക സുകുമാരന്‍ സിറില്‍ ആയി ഉണ്ണി മുകുന്ദന്‍ എന്നിവരും എത്തുന്നു. ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ.

🔳തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അജിത്ത് കുമാര്‍ ചിത്രം വലിമൈയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബൈക്ക് റേസിങ്ങിന് ഏറെ പ്രധാന്യം നല്‍കുന്നതാണ് ചിത്രം. എച്ച്. വിനോദാണ് സംവിധാനം. ഐപിഎസ് ഓഫീസറായാണ് ചിത്രത്തില്‍ അജിത് വേഷമിടുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘വലിമൈ’. ട്രെയിലര്‍ ഇതിനോടകം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കാഴ്ചക്കാരുടെ എണ്ണം ഒരു കോടിയിലേക്കടുത്തു.

🔳ബ്രിട്ടീഷ് ബ്രാന്‍ഡായ വണ്‍ മോട്ടോയുടെ വേഗമേറിയ വൈദ്യുത സ്‌കൂട്ടര്‍ ഇലക്റ്റ ഇന്ത്യയില്‍ വില്‍പനയ്ക്കെത്തി. രണ്ടു ലക്ഷം രൂപയാണു പ്രീമിയം വിഭാഗത്തില്‍പെടുന്ന ഇലക്റ്റയുടെ ഷോറൂം വില. വണ്‍ മോട്ടോ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമതു മോഡലാണ് ഇലക്റ്റ. നവംബറിലാണു കമ്പനി വൈദ്യുത സ്‌കൂട്ടറുകളായ കമ്യൂട്ടയും ബൈക്കയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അടിസ്ഥാന വകഭേദമായ കമ്യൂട്ടയ്ക്ക് 1.30 ലക്ഷം രൂപയും ഇടത്തരം വകഭേദമായ ബൈക്കയ്ക്ക് 1.80 ലക്ഷം രൂപയുമാണു ഷോറൂം വില.

🔳യാത്രയെ, അനുഭവങ്ങളെ, ജീവിതത്തെ, എഴുത്തിനെ, പുതുമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് സൂക്ഷിച്ചുവയ്ക്കാനൊരു യാത്രപുസ്തകം. ധനുഷ്‌കോടി, ഹംപി, കാശി, ചെട്ടിനാട്, ആന്‍ഡമാന്‍ , ഉജ്ജയിനി, ശ്രീലങ്കയിലെ അശോകവനി, ജോധ്പൂര്‍, കാവോരിപൂംപട്ടണം, തുടങ്ങി വ്യത്യസ്തമായ പതിനൊന്നു യാത്രക്കുറിപ്പുകള്‍.
വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍ എടുത്ത ജീവസ്സുറ്റ ചിത്രങ്ങള്‍. ‘വഴികളേ എന്നെ കൊണ്ടുപോവതെങ്ങ്’. ഹരികൃഷ്ണന്‍. മനോരമ ബുക്സ്. വില 266 രൂപ.

🔳കഠിനമായ ശാരീരികാധ്വാനം, ജോലിഭാരം, ദീര്‍ഘദൂര യാത്രകള്‍, ഉറക്കമില്ലായ്മ, വെയില്‍ കൊള്ളുക തുടങ്ങിയവ കാരണം പലപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ട്. ചിലപ്പോള്‍ ചില രോഗങ്ങളുടെ ലക്ഷണമായും ക്ഷീണം അനുഭവപ്പെടാം. ക്ഷീണം ഗുരുതരരോഗങ്ങളുടെ മുന്നറിപ്പായിരിക്കാം. അമിതമായി ഭക്ഷണം കഴിക്കുന്നത്, അതും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും ക്ഷീണത്തിന് കാരണമായേക്കാം. അതിനാല്‍ ശരിയായ ആഹാരശീലം പാലിക്കേണ്ടത് അനിവാര്യമാണ്. പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ക്ഷീണം അകറ്റാന്‍ സഹായിക്കും. നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുക. നിരവധി പോഷകങ്ങള്‍ അടങ്ങിയ ബദാം, വാള്‍നട്ട്, കശുവണ്ടി തുടങ്ങിയ നട്സുകള്‍ ശരീരത്തിന് ഊര്‍ജം നല്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റില്‍ നിരവധി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകള്‍ വികസിപ്പിക്കുന്ന നൈട്രിക് ഓക്‌സൈഡ് എന്ന സംയുക്തം പുറപ്പെടുവിക്കുകയും അതുവഴി ശരീരത്തിന് ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു. മുളപ്പിച്ച പയര്‍, ഗ്ലൂക്കോസ്, നാരങ്ങ വെള്ളം, കരിക്ക് എന്നിവയും ക്ഷീണമകറ്റാനുള്ള മികച്ച പ്രതിവിധിയാണ്.