റിയാദ് : ചൊവ്വാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും താപനില പൂജ്യത്തിൽ താഴെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ മിക്ക വടക്കൻ പ്രദേശങ്ങളിലും കടുത്ത മൂടൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ -4 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ വിവരങ്ങൾ പിന്തുടർന്ന് മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ അഭ്യർഥിച്ചു.
രാജ്യത്തിന്റെ വടക്ക്, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും മധ്യഭാഗത്തും താപനില കുറയുകയും ഭാഗികമായി മേഘാവൃതമായ ആകാശം അനുഭവപ്പെടുമെന്നും നിരീക്ഷകർ അറിയിച്ചു. അസീർ, അബ്ഹ, ജിസാൻ, മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയേറെയാണ്. അസീറിൽ നേരിട്ടുള്ള ദേശ്യപരത കുറയുകയും അന്തരീക്ഷം മൂടുകയും ചെയ്യും. അബ്ഹ, അഹദ് റുഫൈദ, അൽനമാസ്, തനുമ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലും ഇതേ കാലാവസ്ഥയായിരിക്കും. അൽ ബാഹ, അൽ-അഖീക്, അൽ ഖുറയാത്ത്, അൽ-മന്തഖ്, ബൽജുർഷി എന്നീ പ്രദേശങ്ങളിലും കാഴ്ചക്കുറവും മൂടൽമഞ്ഞും അനുഭവപ്പെടും.
തിരശ്ചീനമായ ദൃശ്യപരത കുറയുന്നതിനൊപ്പം മൂടൽ മഞ്ഞിന് സാധ്യതയുള്ള പ്രദേശങ്ങളിൽ ജിസാൻ, അബു അരിഷ്, അദ്ദാഇർ, അൽ റീത്ത്, അൽ തുവാൽ, ബീഷ്, സാമിത, സ്വബിയ എന്നിവയും ഉൾപ്പെടുന്നു.മക്കയിലും മൂടിയ കാലാവസ്ഥയാണ് ഉണ്ടാവുക. ഖുലൈസ്, ഖുൻഫുദ, അല്ലൈത്ത്, റാബിക്, ജിദ്ദ എന്നിവിടങ്ങളിൽ പൊടിയും ശക്തമായ കാറ്റും പ്രതീക്ഷിക്കാം.
ദൂരക്കാഴ്ച കുറയുന്നതോടൊപ്പം ശക്തമായ പൊടിയും കാറ്റും ഉണ്ടാകാനിടയുള്ള പ്രദേശമാണ് തബൂക്ക് മേഖല എന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉംലുജ്, ദിബ എന്നിവിടങ്ങളിലേക്കും ഇത് വ്യാപിക്കും. മദീനയിലും ദൃശ്യപരത കുറയുന്നതോടൊപ്പം പൊടിയും കാറ്റും വീശും. ഇത് ബദർ, യാമ്പു എന്നിവിടങ്ങളിലും അനുഭപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദം അറിയിച്ചു.