കേരളത്തിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്‌റ്റേഷനുകളിൽ പരിശോധനക്ക് വിധേയമാക്കി കർണാടക. നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ആർടിപിസിആർ ഫലം കയ്യിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. പരിശോധനാ ഫലം ഒരു ദിവസത്തിനുള്ളിൽ തന്നെ ലഭിക്കും
ഫലം പോസിറ്റീവാണെങ്കിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമേ ക്വാറന്റൈൻ അവസാനിപ്പിക്കൂ. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. വന്നിറങ്ങുന്ന ആളുകളിൽ നിന്ന് ആധാർ നമ്പർ അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുകയും ഫോൺ നമ്പർ അടക്കം വാങ്ങിവെക്കുകയും ചെയ്യും
ക്വാറന്റൈൻ ചെയ്യിക്കാനായി ഹോട്ടലുകളും കൊവിഡ് കെയർ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. പണം നൽകി നിൽക്കേണ്ടവർക്ക് ഹോട്ടലുകളിൽ നിൽക്കാം. കേരളത്തിൽ നിന്നെത്തുന്ന എല്ലാവരെയും ക്വാറന്റൈൻ ചെയ്യുമെന്നാണ് ഇന്നലെ കർണാടക പറഞ്ഞിരുന്നത്. ഈ രീതി ഇതുവരെ ആരംഭിച്ചിട്ടില്ല. പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ മാത്രമാണ് നിലവിൽ ക്വാറന്റൈൻ ചെയ്യുന്നത്.


