മണിപ്പൂരിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയോടെ ചുരാന്ദ്പൂർ ജില്ലയിലെ ഗാംഗ്പിമുവാൽ ഗ്രാമത്തിലാണ് സ്‌ഫോടനമുണ്ടായത്. ആറ് വയസ്സുള്ള കുട്ടിയടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്
യാദൃശ്ചികമായി നടന്ന സ്‌ഫോടനമെന്നാണ് പോലീസിന്റെ പ്രതികരണം. ബി എസ് എഫ് ഫയറിംഗ് റേഞ്ചിൽ പൊട്ടാതെ കിടന്ന മോർട്ടാർ ഷെൽ നാട്ടുകാർ എടുത്തപ്പോൾ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു.
സ്‌ഫോടനത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് വയസ്സുകാരൻ മാഗ്നിമൻലാൽ, 22കാരൻ ലാഗിൻസാംഗ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് മണിപ്പൂരിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. 38 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ്.