അരുണാചൽപ്രദേശിലെ ചൈനീസ് അതിർത്തിയിൽ നിന്നും കാണാതായ യുവാവിനെ തിരികെ ഇന്ത്യയിലെത്തിച്ചു. യുവാവിനെ കണ്ടെത്തിയതായി ചൈന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ത്യൻ സൈന്യത്തിന് കൈമാറിയത്. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.
അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നാണ് മിറാൻ തരോൺ എന്ന 17കാരനെ കാണാതാകുന്നത്. മിറാനൊപ്പം ഉണ്ടായിരുന്ന ജോണി എന്ന കുട്ടിയെയും കാണാതായിരുന്നു. ജോണിയെ ഉടൻ തന്നെ കണ്ടെത്തിയിരുന്നു. മിറാനെ കാണാതായ ആദ്യഘട്ടത്തിൽ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) തട്ടിക്കൊണ്ടുപോയതാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
വേട്ടയാടാൻ പോയതിനിടെ തരോൺ വഴിതെറ്റുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ വിവരം ലഭിച്ച ചൈനീസ് സൈന്യം പിന്നീട് യുവാവിനെ വനത്തിൽ നിന്ന് കണ്ടെത്തി.