മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സർക്കാർ. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും.
2018ലെ മഹാപ്രളയ കാലത്താണ് ജലനിരപ്പ് 139 അടിയാക്കി നിലനിർത്താൻ സുപ്രിംകോടതി ഉത്തരവിട്ടത്. കോടതി ആവശ്യപ്പെട്ടാൽ ജലനിരപ്പ് വിഷയത്തിൽ പ്രത്യേക അപേക്ഷ സർക്കാർ സമർപ്പിക്കും. 2018ലെ സുപ്രിംകോടതി ഉത്തരവ് ഇന്ന് വാദം കേൾക്കുമ്പോൾ സർക്കാർ കൈമാറും. സാഹചര്യം അതീവ ഗുരുതരമാണെന്നും സംസ്ഥാന സർക്കാർ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പും കോടതിയെ അറിയിക്കും.
സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ്. രണ്ട് പൊതുതാൽപര്യഹർജികളാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.
അതിനിടെ, മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായാണ് റിപ്പോർട്ട്. ഡാമിലെ ജലനിരപ്പ് 137.20 അടിയാണ്. ഡാമിൽ നിന്ന് തമിഴനാട് കൊണ്ടുപോകുന്ന വെളത്തിന്റെ അളവ് സെക്കൻഡിൽ 2200 കുമിക്‌സ് ആയി തുടരുകയാണ്. ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ വെള്ളം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. ഷട്ടറുകൾ തുറക്കേണ്ടിവന്നാൽ 24 മണിക്കൂർ മുൻപ് അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.