വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ആന്ധ്രാപ്രദേശ്: ഒറ്റ ദിവസം വാക്‌സിൻ നൽകിയത് 13 ലക്ഷത്തിലേറെ പേർക്ക്

 

ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ആന്ധ്രാപ്രദേശ്. ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ സംസ്ഥാനം എന്ന നേട്ടമാണ് ആന്ധ്രാപ്രദേശ് കരസ്ഥമാക്കിയത്. ഒറ്റ ദിവസം 13 ലക്ഷം പേർക്കാണ് ആന്ധ്രയിൽ വാക്‌സിൻ നൽകിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരം നടന്ന മെഗാ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേർക്ക് ഒറ്റദിവസംകൊണ്ട് വാക്സിൻ നൽകാൻ കഴിഞ്ഞത്. ഒരുകോടിയിലധികം ആളുകളാണ് ആന്ധ്രാപ്രദേശിൽ ഇതിനോടകം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നത്.

13 ജില്ലകളിലേയും 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണി മുതലാണ് മെഗാ വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. 45 വയസിന് മുകളിലുള്ളവർക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും മുൻഗണന നൽകിയാണ് വാക്സിനേഷൻ ഡ്രൈവ് നടന്നത്. കോവിഡിനെ തടയാനുള്ള ഒരെയൊരു മാർഗം വാക്സിനേഷൻ ആണെന്ന ധാരണയോടെയാണ് ആന്ധ്രാപ്രദേശ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. ഇതിനായി മുന്നിട്ടിറങ്ങിയ സന്നദ്ധപ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും അർഹതപ്പെട്ടതാണ് ഈ റെക്കോർഡ് നേട്ടമെന്ന് അധികൃതർ അറിയിച്ചു. വാക്സിനേഷൻ പ്രക്രിയയിൽ മുൻനിരയിലുള്ളത് ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം എന്നീ ജില്ലകളാണ്.