ദുബയ്: വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബയ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് രോഗികളെ നിയമവിരുദ്ധണായി യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. ഗുരുതര പിഴവ് രണ്ടു തവണ ആവര്‍ത്തിച്ചു. രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികില്‍സാ ചെലവും വിമാനകമ്പനി വഹിക്കണമെന്നും ദുബയ് അധികൃതര്‍ നോട്ടീസ് നല്‍കി. കൊവിഡ് പോസറ്റീവ് റിസല്‍റ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങള്‍ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബയ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നോട്ടീസ് അയച്ചത്. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മിഡിലീസ്റ്റ് റീജണല്‍ മാനേജര്‍ മോഹിത് സെയിനിന് അയച്ച നോട്ടീസില്‍ അതോറിറ്റി വ്യക്തമാക്കി. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ചു ദിവസത്തേക്കാണ് വിലക്ക്.
വിലക്കിനെ തുടര്‍ന്ന് ദുബയിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തു. ഒക്ടോബര്‍ രണ്ടുവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദുബയിയിലേക്കോ ദുബയിയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താന്‍ കഴിയില്ല. കഴിഞ്ഞ മാസം കോവിഡ് രോഗിയെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബയിയില്‍ എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ ഈ മാസം നാലിന് ജയ്പൂരില്‍നിന്ന് മറ്റൊരു കോവിഡ് രോഗി കൂടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബയിയില്‍ എത്തി.
ഇതോടെയാണ് ദുബയ് അധികൃതര്‍ കര്‍ശന നടപടി എടുത്തത്. കൊവിഡ് പോസിറ്റീവ് ആയ രണ്ട് വ്യക്തികളുടെ ചികിത്സാ ചിലവും സഹയാത്രികരുടെ ക്വറന്റീന്‍ ചിലവുകളും എയര്‍ ഇന്ത്യ എക്പ്രസ് ഏറ്റെടുക്കണമെന്ന് ദുബയ് സിവില്‍ ഏവിയേഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.