എക്‌സ്‌പോ 2020: ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ കമ്മീഷണര്‍ ജനറലുമാര്‍ സംസാരിക്കുന്നു

ലോകം അഭൂതപൂര്‍വ്വമായ ആരോഗ്യ പ്രതിസന്ധി നേരിടുമ്പോഴും ദുബൈ എക്‌സ്‌പോ 2020ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തിലുള്ള എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ നൂതനവും സൃഷ്ടിപരവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഈയവസരത്തില്‍ ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ കമ്മീഷണര്‍ ജനറലുമാരായ ശൈഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫ, പൗലോ ഗ്ലിസെന്റി, അഡ്രിയാന്‍ മാലിനോവ്‌സ്‌കി, യൂംഗ് ഓ വോന്‍ എന്നിവര്‍ സംസാരിക്കുന്നു.

യുംഗ് ഓ വോന്‍: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തിന് ഭീഷണിയാകുകയും അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടക്കുകയും ചെയ്യുകയാണ് കൊവിഡ് മഹാമാരി. ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള പരസ്പര കൈമാറ്റങ്ങള്‍ തകര്‍ക്കുകയും മോശം സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

പൗലോ ഗ്ലിസെന്റി: കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള പ്രഥമ ആഗോള പരിപാടിയാണ് ദുബൈ എക്‌സ്‌പോ എന്നതിനാല്‍ ആഗോളവത്കരണത്തിന്റെ യഥാര്‍ത്ഥ പ്രാധാന്യം ലോകത്തിന് മനസ്സിലാക്കാനാകും. ആഗോള പരിപാടികള്‍ക്ക് പുതിയ മാതൃക സൃഷ്ടിക്കാനും സാധിക്കും. നേരിട്ടും അല്ലാതെയും പങ്കാളിത്തം സാധ്യമാക്കുന്ന ഹൈബ്രിഡ് ടെക്- ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം ഉണ്ടാകണം. ഈയര്‍ത്ഥത്തില്‍ ദുബൈ എക്‌സ്‌പോ തീര്‍ച്ചയായും ചരിത്രപരമായ നാഴികക്കല്ലാകും.

ശൈഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫ: തീര്‍ച്ചയായും. തങ്ങളുടെ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും ഭാവി വളര്‍ച്ചക്കുള്ള ശേഷിയുടെയും അഭിവൃദ്ധി പ്രദര്‍ശിപ്പിക്കാനുള്ള അസുലഭ അവസരമാണ് മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങള്‍ക്ക് ഇതിലൂടെ വന്നു ഭവിക്കുന്നത്. നിരവധി പുരാവസ്തു, ചരിത്ര നഗര പൈതൃകങ്ങളുള്ള ബഹറൈന്റെ പ്രത്യേകത അറിയാനുള്ള അവസരം പവലിയനിലൂടെ തങ്ങള്‍ സൃഷ്ടിക്കും. ഇതിലൂടെ ബഹറൈന്റെ സാംസ്‌കാരിക ടൂറിസം പ്രോത്സാഹിപ്പിക്കാനുമാകും