തന്നെ കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയിലെത്തി. ഈ കാഴ്ച കണ്ട് ആശുപത്രി ജീവനക്കാര്‍ ഞെട്ടി. കര്‍ണാടകയിലെ ബെല്ലാരിയിലെ കാംപ്ലി താലൂക്കിലാണ് സംഭവം. കഡപ്പ എന്ന 30കാരനാണ് തന്നെ കടിച്ച പാമ്പുമായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്.
വയലില്‍ പണിയെടുക്കുകയായിരുന്നു കഡപ്പ. ഇതിനിടെയാണ് മൂര്‍ഖന്‍ കടിച്ചത്. ഉടന്‍ തന്നെ ഒരു ബന്ധു കടപ്പയെ മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് തന്നെ ആന്‍റിവെനം നല്‍കി. മൂര്‍ഖനെ കൊല്ലാതെ വിടാന്‍ ഗ്രാമീണര്‍ കഡപ്പയോട് പറഞ്ഞു. തുടര്‍ന്ന് പാമ്പിനെ സ്വതന്ത്രനാക്കി.
അതിന് ശേഷം വിംസ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആന്‍റിവെനം കരുതുന്നത് നല്ല കാര്യമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. പല ഗ്രാമങ്ങളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇത് ഉണ്ടാകാറില്ല. അത്തരം സ്ഥലങ്ങളില്‍ എത്രയും പെട്ടെന്ന് ആന്‍റിവെനം എത്തിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.