ആശങ്കയായി കൊവിഡ്, രാജ്യത്ത് ഇന്നും ഒന്നരലക്ഷത്തിന് മുകളില്‍ രോഗികൾ

ദില്ലി: പ്രതിസന്ധികള്‍ സൃഷ്ടിച്ച്‌ രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നും ഒന്നരലക്ഷത്തിന് മുകളിലാണ് രോഗബാധിതരുടെ എണ്ണം. 1,61,736 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേതില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 12,64,698 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കുംഭമേളയില്‍ 18,169 പേരുടെ സാമ്ബിളുകള്‍ പരിശോധിച്ചു. ഇതില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ പങ്കെടുത്ത 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലേതടക്കം കൊവിഡ് രോഗത്തിന്റെ വ്യാപനത്തില്‍ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു. പൊതുജനാരോഗ്യം വലിയ വെല്ലുവിളി നേരിടുകയാണെന്നും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റഷ്യന്‍ നിര്‍മ്മിത സ്പുടിനിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അന്തിമ അനുമതി നല്‍കി. മെയ് ആദ്യവാരം മുതല്‍ വാക്സീന്‍ രാജ്യത്ത് വിതരണത്തിന് തയ്യാറാകും. വിദഗ്ധ സമിതി ഇന്നലെ വാക്സിന് അനുമതി നല്‍കിയിരുന്നു. പിന്നാലെയാണ് ഇന്ന് ഡിസിജിഐയും അനുമതി നല്‍കിയത്. ഇതോടെ സ്പുട്നിക്കിന് അംഗീകാരം നല്‍കുന്ന അറുപതാമത് രാജ്യമായി ഇന്ത്യ മാറി.
രാജ്യത്ത് വിതരണാനുമതി ലഭിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്സിനാണ് സ്പുട്നിക്. 91.6% ഫലപ്രാപ്തിയാണ് ഈ വാക്സീനുള്ളത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് മുതല്‍ വാക്സീന്‍ ലഭ്യമാക്കാനാണ് തീരുമാനം.